പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്ചയില്‍ ഉന്നതതല സമിതി അന്വേഷണം ആരംഭിച്ചു
|പ്രതിഷേധമുണ്ടാകുമെന്ന ഇന്‍റലിജന്‍സ് റിപ്പോർട്ട് ഉണ്ടായിട്ടും പഞ്ചാബ് സര്‍ക്കാര്‍ ജാഗ്രത പാലിച്ചില്ലെന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍
പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്ചയില്‍ കേന്ദ്രത്തിൻറെ ഉന്നതതല സമിതി അന്വേഷണം ആരംഭിച്ചു. സുരക്ഷവീഴ്ചയില്‍ പഞ്ചാബ് സര്‍ക്കാരിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്. സുരക്ഷ വീഴ്ചയ്ക്ക് ഉത്തരവാദികളായ ഉന്നത ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
ഇക്കാര്യം വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചതിന്‍റെ ഭാഗമായാണ് മൂന്നാംഗസമതിയെ നിയോഗിച്ചത്. ക്യാബിനറ്റ് സെക്രട്ടറിയേറ്റിന്‍റെ സുരക്ഷ സെക്രട്ടറി സുധീര്‍കുമാര്‍ സക്സേന അധ്യക്ഷനായ സമതിയില്‍ ഐബി ജോയിൻ ഡയറക്ടറും, എസ്പിജി ഐജിയും അംഗങ്ങളാണ്. സംഭവം അന്വേഷിച്ച് വേഗത്തില്‍ റിപ്പോര്‍ട്ട് സമര്പ്പിക്കാനാണ് നിര്‍ദേശം.
അതേസമയം പഞ്ചാബ് സര്‍ക്കാരിനെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. വിവിഐപി സുരക്ഷയില്‍ വീഴ്ച വരുത്തുന്ന സംസ്ഥാനങ്ങള്‍ക്കെതിരെ സ്വീകരിക്കാന്‍ കഴിയുന്ന നടപടികള്‍ പഞ്ചാബിനെതിരെ എടുക്കും. പഞ്ചാബിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ഡല്‍ഹിയില്‍ വിളിച്ച് വരുത്തി വിശദീകരണം ചോദിക്കാനും സാധ്യതയുണ്ട്. അതേസമയം സുരക്ഷ വീഴ്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിഷയം ഗൗരവമുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ ഇന്നലെ വാക്കാല്‍ പരാമര്‍ശം നടത്തിയിരിന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതീവസുരക്ഷ വാഹനവ്യൂഹം പഞ്ചാബിലെ ഫിറോസ്പൂരില്‍ കര്‍ഷകര്‍ തടഞ്ഞതിനെ അതീവ ഗൗരവമായാണ് കേന്ദ്രം കാണുന്നത്. പ്രതിഷേധമുണ്ടാകുമെന്ന ഇന്‍റലിജന്‍സ് റിപ്പോർട്ട് ഉണ്ടായിട്ടും പഞ്ചാബ് സര്‍ക്കാര്‍ ജാഗ്രത പാലിച്ചില്ലെന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.