'രാഹുൽ ഗാന്ധി ബി.ബി.സി ഡോക്യുമെൻററി സംവിധായകനൊപ്പം'; ബി.ജെ.പി നേതാക്കൾ പ്രചരിപ്പിച്ചത് വ്യാജ വിവരം
|ഇസ്ലിങ്ടൺ നോർത്തിലെ എം.പിയായ ജെറേമി കൊർബിനൊപ്പമുള്ള ചിത്രമാണ് വ്യാജ അടിക്കുറിപ്പോടെ പ്രചരിപ്പിക്കപ്പെട്ടത്
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബി.ബി.സി ഡോക്യുമെൻററി സംവിധായകനൊപ്പം നിൽക്കുന്നുവെന്ന വ്യാജ കുറിപ്പോടെ ബി.ജെ.പി നേതാക്കളടക്കമുള്ളവർ പ്രചരിപ്പിച്ചത് യു.കെയിലെ എംപിക്കൊപ്പമുള്ള ചിത്രം. ഇസ്ലിങ്ടൺ നോർത്തിലെ എം.പിയായ ജെറേമി കൊർബിനൊപ്പമുള്ള ചിത്രമാണ് ഇങ്ങനെ പ്രചരിപ്പിക്കപ്പെട്ടത്. ചിത്രത്തിൽ ഇരുവർക്കും പുറമേയുള്ള സാം പിത്രോദ തന്നെ ഇക്കാര്യം വ്യക്തമാക്കി ട്വിറ്ററിൽ കുറിപ്പെഴുതിയിരുന്നു. എന്നാൽ ഇതിന് ശേഷവും ആന്ധ്രാപ്രദേശിലെ ബിജെപി സ്‌റ്റേറ്റ് ജനറൽ സെക്രട്ടറിയും ഇന്ത്യൻ സർക്കാറിന്റെ യൂത്ത് അഫേഴ്‌സ് ദേശീയ വൈസ് ചെയർമാനുമായ വിഷ്ണു വർധൻ റെഡ്ഡി, ഗാന്ധി നഗർ എംഎൽഎയും ജമ്മു കശ്മീരിലെ മുൻ ഉപമുഖ്യമന്ത്രിയും സ്പീക്കറും മേയറുമായ കവിന്ദർ ഗുപ്ത എന്നിവരടക്കം നിരവധി പേർ ഈ ചിത്രം വ്യാജ അടിക്കുറിപ്പോടെ ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
'ആറു മാസം മുമ്പ് രാഹുൽ ഗാന്ധി ബിബിസി ഡോക്യുമെൻററി സംവിധായകനൊപ്പം. ഇത് ഡോക്യുമെൻററി ആറു മാസം മുമ്പ് പ്ലാൻ ചെയ്തതാണെന്നാണ് സൂചിപ്പിക്കുന്നത്. ആരാണ് ധനസഹായം നൽകിയത്?' കവിന്ദർ ഗുപത് ഫോട്ടോ സഹിതം ട്വിറ്ററിൽ എഴുതി.
'ആറു മാസം മുമ്പ് രാഹുൽ ഗാന്ധി യു.കെയിൽ പോയി. ബി.ബി.സി പ്രൊഡ്യൂസറെ കണ്ടു. ഒരു ചിത്രം ആയിരം വാക്കുകളേക്കാൾ മൂല്യമുള്ളത്' വിഷ്ണു വർധൻ റെഡ്ഡി ചിത്രം പങ്കുവെച്ച് കുറിച്ചു. വെരിഫൈഡ് അക്കൗണ്ടുകളിലാണ് ബിജെപിയുടെ ഉന്നത നേതാക്കൾ ഈ വ്യാജ വിവരം പോസ്റ്റ് ചെയ്തത്. ഇതുവരെ അവ നീക്കം ചെയ്തിട്ടില്ല. ഇതുപോലെ നിരവധി പേർ ഈ വ്യാജ വിവരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കാര്യം ഫാക്ട് ചെക്കിംഗ് വെബ്‌സൈറ്റായ ആൾട്ട് ന്യൂസ് തുറന്നുകാട്ടി. 2022 മേയിൽ രാഹുൽ ഗാന്ധി നടത്തിയ ലണ്ടൻ യാത്രയിൽ നിന്നുള്ളതാണ് ഈ ചിത്രമെന്ന് വെബ്‌സൈറ്റിൽ വ്യക്തമാക്കി. ലേബർ പാർട്ടി എംപിയായ ജെറേമി കൊർബിനും മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കെ ഉപദേശകനായിരുന്ന കോൺഗ്രസ് സഹയാത്രികൻ സാം പിത്രോധയുമാണ് കൂടെയുണ്ടായിരുന്നതെന്നും വ്യക്തമാക്കി.
2002ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് വ്യക്തമാക്കുന്നതാണ് 'ഇന്ത്യ: ദി മോദി ക്വസ്റ്റിയൻ' എന്ന ബി.ബി.സി ഡോക്യുമെൻററി. 2021 ലെ ഐ.ടി നിയമത്തിലെ എമർജൻസി അധികാരം ഉപയോഗിച്ച് ബിജെപി സർക്കാർ ഡോക്യുമെൻററിക്ക് നിരോധനമേർപ്പെടുത്തിയിരിക്കുകയാണ്. പ്രധാന വീഡിയോ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഡോക്യുമെൻററി നീക്കം ചെയ്യപ്പെട്ടെങ്കിൽ ഇൻറർനെറ്റിൽ പ്രചരിക്കുന്നുണ്ട്. രാജ്യത്തെ പ്രമുഖ സർവകലാശാലകളിലടക്കം പ്രദർശിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷത്തുള്ള രാഹുൽ ഗാന്ധിയെ ഡോക്യുമെൻററിയുമായി ബന്ധിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്.
A Photo of Congress leader Rahul Gandhi with a UK MP was circulated by BJP leaders, with a fake note saying that Congress leader Rahul Gandhi was standing with BBC documentary Producer