India
university of kashmir
India

​കശ്മീരിൽ ഏക സിവിൽ കോഡിനെക്കുറിച്ച് സൈന്യത്തിന്റെ സെമിനാർ; വൻ പ്രതിഷേധം, പരിപാടി ഉപേക്ഷിച്ചു

Web Desk
|
24 March 2024 4:23 AM GMT

കശ്മീർ പോലുള്ള സെൻസിറ്റീവ് മേഖലയിൽ ഏക സിവിൽ കോഡ് എന്ന വിഭജന വിഷയത്തിൽ സൈന്യം എന്തിനാണ് ഇടപെടുന്നതെന്ന് ഉമർ അബ്ദുല്ല ചോദിച്ചു

ശ്രീനഗർ: ഏക സിവിൽ കോഡ് സംബന്ധിച്ച് അവബോധനം നൽകാനെന്ന പേരിൽ ജമ്മു കശ്മീരിൽ സൈന്യം സംഘടിപ്പിക്കാനിരുന്ന സെമിനാർ റദ്ദാക്കി. സെമിനാറിനെതിരെ പ്രതിപക്ഷ പാർട്ടികൾ വലിയ പ്രതിഷേധമാണ് ഉയർത്തിയത്.

കഴിഞ്ഞദിവസമാണ് സൈന്യം സെമിനാർ സംബന്ധിച്ച ക്ഷണം മാധ്യമങ്ങൾക്ക് അയച്ചുനൽകിയത്. ‘നിയമപരമായ അതിരുകൾ കണ്ടെത്തുന്നു: ഇന്ത്യൻ പീനൽ കോഡ് 2023 മനസ്സിലാക്കുകയും ഏക സിവിൽ കോഡിന് വേണ്ടിയുള്ള അന്വേഷണവും’ എന്ന പേരിലായിരുന്നു സെമിനാർ. കശ്മീർ യൂനിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ മാർച്ച് 26നാണ് പരിപാടി നിശ്ചയിച്ചത്.

ഇതിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷ കക്ഷികളുടെ ഭാഗത്തുനിന്ന് ഉയർന്നത്. കശ്മീർ പോലുള്ള സെൻസിറ്റീവ് മേഖലയിൽ ഏക സിവിൽ കോഡ് എന്ന വിഭജന വിഷയത്തിൽ സൈന്യം എന്തിനാണ് ഇടപെടുന്നതെന്ന് നാഷനൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല ചോദിച്ചു.

‘യൂനിഫോം സിവിൽ കോഡിന്റെ വിഭജന പ്രശ്നത്തിൽ ഇന്ത്യൻ സൈന്യം ഇടപെടുന്നത് ഉചിതമാണോ, അതും കശ്മീർ പോലുള്ള സെൻസിറ്റീവ് പ്രദേശത്ത്? ഇന്ത്യൻ സൈന്യം അരാഷ്ട്രീയവും മതരഹിതവുമായി തുടരുന്നതിന് ഒരു കാരണമുണ്ട്. ഈ തെറ്റായ യു.സി.സി സെമിനാർ ഈ രണ്ട് അടിസ്ഥാന തത്വങ്ങൾക്കും ഭീഷണിയാണ്.

സെമിനാറുമായി മുന്നോട്ടുപോയാൽ, മതപരമായ കാര്യങ്ങളിൽ ഇടപെടുന്നു എന്നതിനൊപ്പം രാഷ്ട്രീയത്തിന്റെ ഇരുണ്ട ലോകത്ത് ഇടപഴകുന്നു എന്ന ആരോപണത്തിന് സൈന്യം വിധേയമാകും’ -ഉമർ അബ്ദുല്ല ‘എക്സി’ൽ കുറിച്ചു.

സംഭവം അന്വേഷിക്കണമെന്ന് നാഷനൽ കോൺഫറൻസ് മുഖ്യ വക്താവ് സാദിഖ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കെ ബി.ജെ.പിയുടെ പ്രകടനപത്രികയിലെ പ്രധാന വിഷയമാണ് സൈന്യം ചർച്ച ചെയ്യാൻ പോകുന്നത്. ഇതിന്റെ ഔചിത്യം വിലയിരുത്തണമെന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

പി.ഡി.പിയും സെമിനാറിനെതിരെ രംഗത്തുവന്നു. സൈന്യം പക്ഷാപാതപരാമായി കാര്യങ്ങൾ ചെയ്യുന്നതായും ജമ്മു കശ്മീരിന്റെ രാഷ്ട്രീയ കാര്യങ്ങളിൽ നേരിട്ട് ഇട​പെടുകയുമാണെന്ന് പി.ഡി.പി വക്താവ് നജ്മുസ് സാഖിബ് പറഞ്ഞു. ഇത് വളരെ അപകടകരമായ പ്രവണതയാണെന്നും ഭരണഘടനയുടെ വ്യവസ്ഥാപിത ശോഷണത്തിൻ്റെ പ്രകടനമാണ് ഇതെന്നും സാഖിബ് പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന്, ‘മാതൃകാ പെരുമാറ്റച്ചട്ടം’ ചൂണ്ടിക്കാട്ടി സൈന്യം പരിപാടി റദ്ദാക്കുകയായിരുന്നു.

Similar Posts