''രോഹിത് എന്റെ ഹീറോ''; ജീവത്യാഗത്തിന്റെ ആറാംവർഷത്തിൽ രോഹിത് വെമുലയെ ഓർത്തെടുത്ത് രാഹുൽ ഗാന്ധി
|മരണത്തിനുശേഷം വർഷങ്ങൾ പിന്നിട്ടിട്ടും പ്രതിരോധത്തിന്റെ പ്രതീകമായി രോഹിത് തുടരുന്നു. അദ്ദേഹത്തിന്റെ ധീരയായ അമ്മ പ്രതീക്ഷയുടെ പ്രതീകമായും നിലകൊള്ളുന്നു-ട്വിറ്ററിൽ രാഹുൽ ഗാന്ധി
ദലിത് ഗവേഷകൻ രോഹിത് വെമുലയുടെ ജീവത്യാഗത്തിൻരെ ആറാം വാർഷികത്തിന്റെ സ്മരണാജ്ഞലിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രോഹിത് തന്റെ ഹീറോയാണെന്നും മരണത്തിനു വർഷങ്ങൾക്കുശേഷവും പ്രതിരോധത്തിന്റെ പ്രതീകമായി അദ്ദേഹം നിലനിൽക്കുന്നുവെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
''തന്റെ ദലിത് സ്വത്വത്തിനെതിരായ അപമാനത്തിന്റെയും വിവേചനത്തിന്റെയും ഇരയായി കൊല്ലപ്പെട്ടതാണ് രോഹിത്. മരണത്തിനുശേഷം വർഷങ്ങൾ പിന്നിട്ടിട്ടും പ്രതിരോധത്തിന്റെ പ്രതീകമായി അദ്ദേഹം തുടരുന്നു. അദ്ദേഹത്തിന്റെ ധീരയായ അമ്മ പ്രതീക്ഷയുടെ പ്രതീകമായും നിലകൊള്ളുന്നു. അവസാനംവരെ പോരാടിനിന്ന, അനീതിക്കിരയായ സഹോദരൻ രോഹിതാണ് എന്റെ ഹീറോ.''-രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
Rohith Vemula was murdered by discrimination & indignities against his Dalit identity.
— Rahul Gandhi (@RahulGandhi) January 17, 2022
Even as years go by, he remains a symbol of resistance and his brave mother a symbol of hope.
For fighting till the very end, Rohith is my hero, my brother who was wronged.
ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ(എച്ച്സിയു) ഗവേഷകനായിരുന്ന രോഹിത് 2016 ജനുവരി 17ന് 26-ാം വയസിലാണ് ജാതീയ വിവേചനത്തിനിരയായി മരണത്തിനു കീഴടങ്ങുന്നത്. യൂനിവേഴ്സിറ്റിയിൽ എബിവിപി നേതാവായിരുന്ന സുശീൽ കുമാറിനെ മർദിച്ചെന്ന് ആരോപിച്ചാണ് രോഹിത് വെമുലയടക്കം അഞ്ചുപേരെ സർവകലാശാല സസ്പെൻഡ് ചെയ്തത്. അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ(എഎസ്എ) നടത്തിയ വിവിധ പരിപാടികളുടെ പേരിൽ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെയും സെക്കന്ദറാബാദിലെ ബിജെപി എംപിയായിരുന്ന ബന്ധാരു ദത്താത്രേയയുടെയും സമ്മർദത്തിന്റെ ഫലമായിരുന്നു പുറത്താക്കൽ. തുടർന്ന് 12 ദിവസം നീണ്ടുനിന്ന രാപ്പകൽ സമരത്തിനൊടുവിലായിരുന്നു രോഹിത് വെമുല ജീവനൊടുക്കിയത്.
ഹോസ്റ്റൽ മുറിയിലാണ് രോഹിതിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെനിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തി. രോഹിതിന്റെ മരണം എച്ച്സിയുവിലും സർവകലാശാലയ്ക്ക് പുറത്ത് രാജ്യവ്യാപകമായും വലിയ പ്രതിഷേധമായി ആളിക്കത്തുകയും ചെയ്തു.
Summary: A symbol of resistance, my hero: Rahul Gandhi remembers Rohith Vemula on his 6th death anniversary