ഡൽഹിയിൽ ബന്ധുവിന്റെ വെടിയേറ്റ് മൂന്നു വയസ്സുകാരന് പരിക്ക്; കള്ളക്കഥ മെനഞ്ഞ് മുത്തശ്ശി
|മരുമകളുടെ പരാതിയിൽ പ്രകാരം ഇപ്പോൾ ജയിലിലുള്ള ഒരാളുടെ കുടുംബാംഗത്തെ കൂടി കുടുക്കാനാണ് കള്ളക്കഥ മെനഞ്ഞതെന്നു മുത്തശ്ശി
ഡൽഹിയിൽ അമ്മാവന്റെ ഭാര്യ അബദ്ധത്തിൽ ഉതിർത്ത വെടിയേറ്റ് മൂന്നു വയസ്സുകാരന് പരിക്ക്. നോർത്ത് ഡൽഹിയിലെ ആനന്ദ് പ്രഭാത് ഏരിയായിലാണ് സംഭവം. ശനിയാഴ്ച നടന്ന സംഭവത്തെ കുറിച്ച് കുഞ്ഞിന് ചികിത്സ തേടിയെത്തിയ ആശുപത്രിയിൽ നിന്നാണ് പൊലീസിന് വിവരം കിട്ടിയത്. കുഞ്ഞിന്റെ ഇടതുതോളിലാണ് വെടിയേറ്റത്.
തന്റെ മരുമകളെ രക്ഷിക്കാൻ കുഞ്ഞിന്റെ മുത്തശ്ശി ആദ്യം കള്ളക്കഥ മെനഞ്ഞെങ്കിലും പൊലിസ് യാഥാർത്ഥ്യം കണ്ടെത്തുകയായിരുന്നു. തന്റെ സഹോദരിയുടെ വീട്ടിൽ പോയി വരുമ്പോൾ രണ്ടു പേർ ബെക്കിലെത്തി വെടിവെച്ചു കടന്നുകളഞ്ഞെന്നായിരുന്നു മുത്തശ്ശി പറഞ്ഞത്. എന്നാൽ സംഭവം നടന്നെന്ന് അവർ പറഞ്ഞയിടത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇവരെ കണ്ടതേയില്ല. തുടർന്ന് സംശയം തോന്നിയ പൊലിസ് ഇവരുടെ സഹോദരിയെ ചോദ്യം ചെയ്തു. അപ്പോൾ അവരുടെ വീട്ടിൽ മുത്തശ്ശിയും കുഞ്ഞും വന്നിട്ടില്ലെന്നും തെളിഞ്ഞു. തുടർന്നാണ് 19കാരിയായ മരുമകളാണ് വെടിവെച്ചതെന്ന് ഇവർ തുറന്നുപറഞ്ഞത്. മരുമകളുടെ പരാതിയിൽ പ്രകാരം ഇപ്പോൾ ജയിലിലുള്ള ഒരാളുടെ കുടുംബാംഗത്തെ കൂടി കുടുക്കാനാണ് കള്ളക്കഥ മെനഞ്ഞതെന്നും ഇവർ പറഞ്ഞു. പിസ്റ്റൾ വീട്ടിൽ കൊണ്ടുവെച്ച ഇവരുടെ മക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്.
A three-year-old boy has been injured in an accidental shooting by his Aunt in Delhi