India
ആധാര്‍ മുന്നറിയിപ്പിന് കാരണം അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങള്‍
India

ആധാര്‍ മുന്നറിയിപ്പിന് കാരണം അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങള്‍

Web Desk
|
6 Jun 2022 1:20 AM GMT

വ്യാപകമായി മയക്കുമരുന്ന് സംഘങ്ങൾ ആധാര്‍ ദുരുപയോഗം ചെയ്‌തെന്ന കണ്ടെത്തലിനെ തുടര്‍ന്ന് യു.ഐ.ഡി.എ.ഐ ബെംഗളൂരു ഓഫീസാണ് സർക്കാരിന് നിർദേശം നൽകിയത്

ഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ പങ്കുവെയ്ക്കരുതെന്ന കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പിന് കാരണം അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങള്‍. വ്യാപകമായി മയക്കുമരുന്ന് സംഘങ്ങൾ ആധാര്‍ ദുരുപയോഗം ചെയ്‌തെന്ന കണ്ടെത്തലിനെ തുടര്‍ന്ന് യു.ഐ.ഡി.എ.ഐ ബെംഗളൂരു ഓഫീസാണ് സർക്കാരിന് നിർദേശം നൽകിയത്.

ബെംഗളൂരു വിമാനത്താവളത്തില്‍ കഴിഞ്ഞ മാസം കസ്റ്റംസ് വിഭാഗം പിടികൂടിയ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. ബെംഗളൂരുവിലെ മയക്കുമരുന്നുകടത്തിന് ആന്ധ്രാ സ്വദേശിയുടെ ആധാര്‍ വിവരങ്ങളാണ് കള്ളക്കടത്തുസംഘം ദുരുപയോഗം ചെയ്തത്. നിരന്തരമായി ഇത്തരം സംഭവങ്ങൾ പതിവായിരുന്നു. പിന്നാലെയാണ് കഴിഞ്ഞ മാസം 27ന് ആധാര്‍ കാര്‍ഡിന്റെ വിവരങ്ങള്‍ നല്‍കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് യു.ഐ.ഡി.എ.ഐ. ബെംഗളൂരു ഓഫീസ് മുന്നറിയിപ്പ് നല്‍കിയത്.

ഏതെങ്കിലും സേവനങ്ങള്‍ക്കായി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കുന്നതിനു പകരം ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനാകുന്ന ആധാര്‍ നമ്പറിന്റെ അവസാന നാലക്കം മാത്രമടങ്ങിയ മാസ്‌ക്ഡ് ആധാര്‍ നല്‍കിയാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. യു.ഐ.ഡി.എ.ഐ.യുടെ ലൈസന്‍സില്ലാത്ത ഹോട്ടലുകളും മറ്റും ആധാര്‍ പകര്‍പ്പുകള്‍ വാങ്ങുന്നത് നിയമപ്രകാരം കുറ്റകരമാണെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു.

എന്നാല്‍ തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഐ.ടി. മന്ത്രാലയം മുന്നറിയിപ്പ് വളരെ വേഗം റദ്ദാക്കുകയായിരുന്നു. ആധാർ കാർഡ് ദുരുപയോഗം ചെയുന്ന സംഘത്തെയും അവർക്ക് സഹായം ചെയ്യുന്നവരെയും കണ്ടെത്തി എത്രയും വേഗം നടപടി സ്വീകരിക്കാൻ കേന്ദ്രം നിർദേശം നൽകി.

Related Tags :
Similar Posts