'ഷിന്‍ഡെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമാവും': മഹാരാഷ്ട്ര സര്‍ക്കാരില്‍ വന്‍ മാറ്റങ്ങളുണ്ടാകുമെന്ന് ആദിത്യ താക്കറെ
|അജിത് പവാര്‍ മഹാരാഷ്ട്ര മന്ത്രിസഭയില്‍ എത്തിയതോടെ, ഏക്നാഥ് ഷിൻഡെയുടെ കൂടെയുള്ള 20ഓളം എം.എൽ.എമാർ ശിവസേന ഉദ്ധവ് പക്ഷവുമായി ബന്ധപ്പെട്ടെന്ന് സഞ്ജയ് റാവത്ത്
മുംബൈ: എന്‍.സി.പിയിലെ അജിത് പവാര്‍ പക്ഷത്തിന്‍റെ വരവോടെ മഹാരാഷ്ട്ര സർക്കാരിൽ വലിയ മാറ്റമുണ്ടാകുമെന്ന് ശിവസേന ഉദ്ധവ് പക്ഷ നേതാവ് ആദിത്യ താക്കറെ. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്ക് രാജിവെയ്ക്കേണ്ടിവരുമെന്നാണ് ആദിത്യ താക്കറെയുടെ പ്രവചനം.
"മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയോട് രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടതായി ഞാൻ കേട്ടു. സർക്കാരിൽ തീർച്ചയായും ചില മാറ്റങ്ങളുണ്ടാകും"– ആദിത്യ താക്കറെ മാധ്യമങ്ങളോട് പറഞ്ഞു.
എന്‍.സി.പിയില്‍ നിന്ന് അജിത് പവാറും എട്ട് എം.എല്‍.എമാരുമാണ് മഹാരാഷ്ട്ര മന്ത്രിസഭയിലെത്തിയത്. അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്തത്. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയിലെ ഒരു വിഭാഗം എത്തിയതോടെ, ഏക്നാഥ് ഷിൻഡെ പക്ഷത്തെ ബി.ജെ.പി പാര്‍ശ്വവല്‍ക്കരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
അജിത് പവാര്‍ മഹാരാഷ്ട്ര മന്ത്രിസഭയില്‍ എത്തിയതോടെ, ഏക്നാഥ് ഷിൻഡെയുടെ കൂടെയുള്ള 20ഓളം എം.എൽ.എമാർ ശിവസേന ഉദ്ധവ് പക്ഷവുമായി ബന്ധപ്പെട്ടെന്ന് സഞ്ജയ് റാവത്ത് അവകാശപ്പെട്ടു. അജിത് പവാറും മറ്റ് എൻ.സി.പി നേതാക്കളും മഹാരാഷ്ട്ര സർക്കാരിൽ ചേർന്നതിന് ശേഷം ഷിൻഡെ ക്യാമ്പിലെ 17-18 എം.എൽ.എമാർ തങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് സഞ്ജയ് റാവത്ത് പറഞ്ഞത്.
എന്നാൽ താന്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവെയ്ക്കില്ലെന്നും എൻ.സി.പി വിമതരെച്ചൊല്ലി ശിവസേനയിൽ കലാപമില്ലെന്നും ഏക്നാഥ് ഷിൻഡെ വ്യക്തമാക്കി. എല്ലാ എം.എൽ.എമാരും എം.പിമാരും ഏകനാഥ് ഷിൻഡെയിൽ വിശ്വാസം അർപ്പിച്ചിട്ടുണ്ടെന്ന് ഉദയ് സാമന്ത് പറഞ്ഞു. അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകള്‍ ഷിൻഡെയെ അപകീർത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
Summary- Days ahead of Maharashtra cabinet expansion, Aaditya Thackeray, a member of Uddhav Thackeray camp, predicted a big change in the government starting with Chief Minister Eknath Shinde