പഞ്ചാബിൽ 'ഓപറേഷൻ താമര' ഫലിച്ചില്ല; വിശ്വാസം തെളിയിച്ച് ഭഗവന്ത് മൻ
|25 കോടി രൂപ വാഗ്ദാനവുമായി തങ്ങളുടെ പത്തോളം എം.എൽ.എമാരെ ബി.ജെ.പി സമീപിച്ചിരുന്നുവെന്ന് എ.എ.പി നേതാക്കൾ വെളിപ്പെടുത്തിയിരുന്നു
ചണ്ഡിഗഢ്: പഞ്ചാബ് നിയമസഭയിൽ വിശ്വാസം തെളിയിച്ച് ഭഗവന്ത് മന്നിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി(എ.എ.പി) സർക്കാർ. മുഖ്യമന്ത്രി കൊണ്ടുവന്ന വിശ്വാസ പ്രമേയം ഒറ്റക്കെട്ടായാണ് സഭ പാസാക്കിയത്. പഞ്ചാബിൽ 'ഓപറേഷൻ താമര' പരാജയപ്പെട്ടെന്ന് ഭഗവന്ത് മൻ പ്രതികരിച്ചു.
അതേസമയം, കോൺഗ്രസ് എം.എൽ.എമാർ പ്രതിഷേധിച്ച് വാക്കൗട്ട് നടത്തി. ബി.ജെ.പി സമ്മേളനം ബഹിഷ്‌ക്കരിച്ചു. വിശ്വാസ വോട്ടെടുപ്പിലൂടെ എ.എ.പി സർക്കാർ ഭരണഘടനാ ലംഘനം നടത്തിയിരിക്കുകയാണെന്ന് ആരോപിച്ചാണ് ബഹിഷ്‌ക്കരണം. ഇതേ ആരോപണം തന്നെ കോൺഗ്രസും ഏറ്റുപിടിച്ചു. 117 അംഗ സഭയിൽ എ.എ.പിക്ക് 92 അംഗങ്ങളുണ്ട്. കോൺഗ്രസിന് 18ഉം ശിരോമണി അകാലിദളിന് രണ്ടും ബി.ജെ.പിക്ക് രണ്ടും ബി.എസ്.പിക്ക് രണ്ടും അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്രനും സഭയിലുണ്ട്.
സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി നീക്കം നടത്തുന്നതായുള്ള വാർത്തകൾക്കു പിന്നാലെയാണ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിശ്വാസം തെളിയിക്കാനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്തത്. രണ്ടു ദിവസം മുൻപ്് ഗവർണർ ബൻവലിലാൽ പുരോഹിത് ഇതിന് അനുമതിയും നൽകി. തങ്ങളുടെ എം.എൽ.എമാരെ കോടികൾ വാഗ്ദാനം ചെയ്ത് ബി.ജെ.പി നേതാക്കൾ സമീപിച്ചതായി എ.എ.പി വെളിപ്പെടുത്തിയിരുന്നു.
പഞ്ചാബ് ധനകാര്യ മന്ത്രി ഹർപൽ സിങ് ചീമയാണ് ആരോപണവുമായി രംഗത്തെത്തിയത്. പത്തോളം എം.എൽ.എമാരെയാണ് ബി.ജെ.പി കൂടുമാറ്റത്തിനുള്ള പ്രലോഭനവുമായി സമീപിച്ചതെന്നാണ് വെളിപ്പെടുത്തൽ. ഓരോരുത്തർക്കും 25 കോടി രൂപയായിരുന്നു വാഗ്ദാനം.
Summary: The Aam Aadmi Party government in Punjab led by the Chief Minister Bhagwant Mann won the trust vote in the assembly