15 കൊല്ലം ബി.ജെ.പി ഭരിച്ച ഡൽഹി കോർപ്പറേഷനിൽ ഇനി ആംആദ്മി ഭരണം
|അരവിന്ദ് കെജ്‌രിവാളിന്റെ എ.എ.പി അഭിമാനകരമായ പോരാട്ടമായി കണ്ട തെരഞ്ഞെടുപ്പിൽ 129 സീറ്റുകളിൽ വിജയിച്ചു
ന്യൂഡൽഹി: 15 കൊല്ലമായി ബി.ജെ.പി ഭരിക്കുന്ന മുൻസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി(എം.സി.ഡി)യിൽ ഇനി ആംആദ്മി പാർട്ടി ഭരിക്കും. 250 അംഗസഭയിലെ കേവല ഭൂരിപക്ഷത്തേക്കാൾ സീറ്റുകൾ നേടി. അരവിന്ദ് കെജ്‌രിവാളിന്റെ എ.എ.പി അഭിമാനകരമായ പോരാട്ടമായി കണ്ട തെരഞ്ഞെടുപ്പിൽ 134 സീറ്റുകളിൽ വിജയിച്ചു. നേരത്തെ നോർത്ത് - സൗത്ത് -ഈസ്റ്റ് ഡൽഹി മുൻസിപ്പൽ കോർപ്പറേഷനുകളായിരിക്കെ ബിജെപിയാണ് ഭരിച്ചിരുന്നത്.
കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച വിവരങ്ങൾ:
- പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുൻനിർത്തി പ്രചാരണം നടത്തിയ ബിജെപി 104 സീറ്റുകളിലാണ് വിജയിച്ചത്. നൂറു കടന്നേക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. 15 വർഷം ഭരിച്ച പാർട്ടിക്ക് തുടർഭരണം നഷ്ടപ്പെടുമെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാൽ കോൺഗ്രസ് 9 സീറ്റിലാണ് വിജയിച്ചത്. മറ്റുള്ളവർ മൂന്ന് സീറ്റുകളിലും വിജയിച്ചു.
- ഭരണം നേടിയതോടെ ആംആദ്മി അണികൾ ആഘോഷത്തിലാണ്. അരവിന്ദ് കെജ്‌രിവാളിനെ പോലെ വസ്ത്രം ധരിച്ച കുട്ടികളടക്കമുള്ളവർ തെരുവിലിറങ്ങി.
- എക്‌സിറ്റ് പോളുകളിൽ പ്രവചിക്കപ്പെട്ടിരുന്നതിനേക്കാൾ കുറച്ചുകൂടി കടുത്ത പോരാട്ടമാണ് വോട്ടെണ്ണിയപ്പോൾ കണ്ടത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, മനീഷ് സിസോദിയ, രാഘവ് ചദ്ദ എന്നീ ആംആദ്മി നേതാക്കൾ കെജ്‌രിവാളിന്റെ വസതിയിലെത്തിയിരിക്കുകയാണ്.
- കഴിഞ്ഞ 24 വർഷമായി ഡൽഹിയിൽ സംസ്ഥാന സർക്കാറുണ്ടാക്കാൻ ബിജെപിക്കായിട്ടില്ലെങ്കിലും ഡൽഹി കോർപ്പറേഷനിൽ കോൺഗ്രസിനും ആംആദ്മിക്കുമൊപ്പം ശക്തി പാർട്ടിക്കുണ്ടായിരുന്നു. മുമ്പ് 2015ൽ 70 സീറ്റുകളിൽ 67ഉം നേടി ആംആദ്മി ഡൽഹി ഭരിച്ചതിന് രണ്ടുവർഷത്തിന് ശേഷവും ബിജെപി കോർപ്പറേഷൻ ഭരണം നിലനിർത്തി.
- കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനം ഭരിക്കുന്ന ആംആദ്മിയും അഭിമാനപോരാട്ടമായാണ് ഇക്കുറി തെരഞ്ഞെടുപ്പിനെ കണ്ടത്. മൂന്നായി വിഭജിക്കപ്പെട്ട എം.സി.ഡിയെ ഏകീകരിച്ച ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നിത്. 2012ലായിരുന്നു കോർപ്പറേഷനെ മൂന്നായി വിഭജിച്ചിരുന്നത്. 2022 മാർച്ച് 22ന് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ അമൻഡ്‌മെൻറ് ബിൽ കേന്ദ്രസർക്കാർ അംഗീകരിക്കുകയായിരുന്നു. തുടർന്ന നടന്ന തെരഞ്ഞെടുപ്പിൽ 1300ലേറെ സ്ഥാനാർത്ഥികളാണ് മത്സരിച്ചത്.
- വമ്പൻ പ്രചാരണമാണ് ബിജെപി സംഘടിപ്പിച്ചത്. ചേരികളിലുള്ളവർക്ക് ഫ്‌ളാറ്റ് കൈമാറിയും കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും അണിനിരത്തിയും വിവിധ പരിപാടികൾ നടത്തി. പക്ഷേ ഭരണം നിലനിർത്താനായില്ല.
- കഴിഞ്ഞ വർഷാവസാനം മുതൽ തെരഞ്ഞെടുപ്പിനായി ആംആദ്മിയും തയ്യാറെടുപ്പ് തുടങ്ങിയിരുന്നു.
വിജയത്തിൽ ഡൽഹി ജനതയോട് നന്ദി പറയുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. ഈ ഉത്തരവാദിത്വത്തിന് നന്ദി പറയുന്നുവെന്നും പ്രതീക്ഷകൾ പൂവണിയിക്കാൻ രാപകൽ അധ്വാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ ഭരണകക്ഷിയായ ബി.ജെ.പിയും എ.എ.പി.യും 250 വാർഡുകളിലും സ്ഥാനാർഥികളെ നിർത്തിയിരുന്നത്. കോൺഗ്രസിന് 247 സ്ഥാനാർഥികളും ബഹുജൻ സമാജ് പാർട്ടിക്ക് 132 സ്ഥാനാർഥികളുമാണുള്ളത്. കഴിഞ്ഞ 15 വർഷമായി കോർപ്പറേഷൻ ഭരിക്കുന്ന ബി.ജെ.പിയെ നിഷ്പ്രയാസം തോൽപ്പിച്ച് ആം ആദ്മി പാർട്ടി ഭരണം പിടിച്ചെടുക്കുമെന്നാണ് എല്ലാം എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിരുന്നത്. 250 സീറ്റുകളിൽ 149 മുതൽ 171 സീറ്റുകൾ വരെ എ.എ.പി നേടുമെന്നായിരുന്നു പ്രവചനം. ബി.ജെ.പി 61 മുതൽ 91 സീറ്റുകൾ വരെ നേടുമെന്നും പ്രവചനങ്ങളുണ്ടായിരുന്നു. കോൺഗ്രസ് 3 മുതൽ 7 സീറ്റുകളിൽ ഒതുങ്ങുമെന്നുമാണ് പ്രവചനം.ഡിസംബർ 4 ന് നടന്ന തെരഞ്ഞെടുപ്പിൽ 50.48 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. 149 മുതൽ 171 വാർഡ് വരെ എ.എ.പി നേടുമെന്നായിരുന്നു പ്രവചനം.