India
സ്ഥാനാര്‍ഥിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി: ബി.ജെ.പിക്കെതിരെ എ.എ.പി
India

'സ്ഥാനാര്‍ഥിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി': ബി.ജെ.പിക്കെതിരെ എ.എ.പി

Web Desk
|
17 Nov 2022 1:38 AM GMT

സൂറത്ത് ഈസ്റ്റിലെ എ.എ.പി സ്ഥാനാര്‍ഥി സൂക്ഷ്മപരിശോധനാ ദിവസം നാമനിർദേശ പത്രിക പിൻവലിച്ചു

ഗുജറാത്തിൽ ആം ആദ്മി പാര്‍ട്ടി സ്ഥാനാർഥിയെ ബി.ജെ.പി തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന് ആരോപണം. സൂറത്ത് ഈസ്റ്റിലെ എ.എ.പി സ്ഥാനാര്‍ഥി കാഞ്ചൻ ജരിവാല സൂക്ഷ്മപരിശോധനാ ദിവസം നാമനിർദേശ പത്രിക പിൻവലിച്ചു. സൂറത്ത് ഈസ്റ്റിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആവശ്യപ്പെട്ടു.

ജരിവാല നാമനിർദേശ പത്രിക പിൻവലിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ്, ബി.ജെ.പി തങ്ങളുടെ സ്ഥാനാർഥികളെ തട്ടിക്കൊണ്ട് പോയെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി രംഗത്ത് എത്തിയത്. ജരിവാലയെയും കുടുംബത്തെയും ബി.ജെ.പി തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ചത് മനീഷ് സിസോദിയയാണ്. ഗുജറാത്തിൽ തോൽക്കുമെന്ന ഭീതിയിൽ ബി.ജെ.പി ആം ആദ്മി പാർട്ടി സ്ഥാനാർഥികളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയാണെന്ന് മനീഷ് സിസോദിയ ആരോപിച്ചു.

സൂറത്ത് ഈസ്റ്റിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിസോദിയയുടെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി പ്രവർത്തകർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുൻപിൽ പ്രതിഷേധിച്ചു. സ്ഥാനാർഥിത്വത്തിൽ നിന്നും ജരിവാല പിന്മാറാനുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷണം വേണമെന്നും രേഖാമൂലം തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ മനീഷ് സിസോദിയ ആവശ്യപ്പെട്ടു. എന്നാൽ മണ്ഡലത്തിലെ ജനങ്ങളുടെ താൽപര്യം പരിഗണിച്ചാണ് താൻ മൽസര രംഗത്ത് നിന്നും പിന്മാറുന്നത് എന്നാണ് കാഞ്ചൻ ജരിവാലയുടെ വിശദീകരണം. ബി.ജെ.പിയുടെ ദേശീയ നേതാക്കൾ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. അതേസമയം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഗുജറാത്തിൽ റെക്കോർഡ് ഭൂരിപക്ഷം നേടുമെന്ന് അമിത് ഷാ അവകാശപ്പെട്ടു.

Similar Posts