'കെജ്രിവാളിനെ ഇല്ലാതാക്കാൻ വൻ ഗൂഢാലോചന'; എന്ത് സംഭവിച്ചാലും ഉത്തരവാദി ബിജെപിയെന്ന് എഎപി
|ബിജെപി അദ്ദേഹത്തിൻ്റെ ജീവിതത്തിന്റെ ശത്രുവായി മാറിയിരിക്കുന്നതായി എംപി പറഞ്ഞു.
ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇല്ലാതാക്കാൻ വൻ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ ബിജെപിയായിരിക്കും ഉത്തരവാദിയെന്നും ആം ആദ്മി പാർട്ടി. വെള്ളിയാഴ്ച പടിഞ്ഞാറൻ ഡൽഹിയിലെ വികാസ്പുരിയിൽ നടന്ന പദയാത്രക്കിടെ ബിജെപി പ്രവർത്തകർ കെജ്രിവാളിനെ ആക്രമിച്ചെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗൂഢാലോചന ആരോപണവുമായി എഎപി രംഗത്തുവന്നത്.
സംഭവത്തിൽ പൊലീസിൻ്റെ ഒത്താശയോടെ കെജ്രിവാളിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന വ്യക്തമാണെന്ന് ആപ് രാജ്യസഭാ എംപി സഞ്ജയ് സിങ് ആരോപിച്ചു. ബിജെപി അദ്ദേഹത്തിൻ്റെ ജീവിതത്തിന്റെ ശത്രുവായി മാറിയിരിക്കുന്നതായും എംപി പറഞ്ഞു. ആക്രമണം ഉണ്ടായെങ്കിലും ഷെഡ്യൂൾ അനുസരിച്ച് കെജ്രിവാൾ പദയാത്ര തുടരുമെന്നും എഎപി നേതാവ് അറിയിച്ചു.
സംഭവത്തിൽ എഎപി പരാതിയൊന്നും നൽകാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന്, പൊലീസ് നിഷ്പക്ഷത പുലർത്തിയിരുന്നെങ്കിൽ സംഭവം ഉണ്ടാകില്ലായിരുന്നെന്നും അക്രമിസംഘത്തെ തടയാൻ ഉദ്യോഗസ്ഥർ ഒന്നും ചെയ്തില്ലെന്നും സിങ് പറഞ്ഞു. കെജ്രിവാളിന് ഒരു പോറലെങ്കിലും ഏറ്റാൽ ഡൽഹിയിലെ ജനങ്ങൾ ബിജെപിയോട് പ്രതികാരം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി യുവമോർച്ചാ പ്രവർത്തകരാണ് കെജ്രിവാളിനെ ആക്രമിച്ചതെന്ന് എഎപി മന്ത്രി സുരഭ് ഭരദ്വാജ് പറഞ്ഞു. ഇവരിൽ ഒരാൾ യുവമോർച്ച ഡൽഹി വൈസ് പ്രസിഡന്റും രണ്ടാമൻ ജനറൽ സെക്രട്ടറിയുമാണെന്നും അദ്ദേഹം വ്യക്തമാക്കി. കെജ്രിവാളിനെ ആക്രമിച്ച് നൃത്തം ചെയ്ത ബിജെപി നേതാക്കൾ കൗൺസിലർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പെട്ടവരാണെന്നും ഭരദ്വാജ് പറഞ്ഞു.
അക്രമികളെ ബിജെപി നേതൃത്വം പിന്തുണയ്ക്കുകയാണെന്നും മന്ത്രി ആരോപിച്ചു. സംഭവത്തെക്കുറിച്ച് പൊലീസിന് അന്വേഷണം നടത്താനാവും. വിഷയത്തിൽ തുടർനടപടികൾക്കായി എഎപി നിയമോപദേശം തേടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെജ്രിവാളിന് എന്തെങ്കിലും സംഭവിച്ചാൽ ബിജെപിക്ക് ഡൽഹിയിലെ ജനങ്ങൾ മാപ്പ് നൽകില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി മർലേന പ്രതികരിച്ചിരുന്നു.
കെജ്രിവാളിനെ ബിജെപി പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അതിഷിയുടെ പ്രതികരണം. അരവിന്ദ് കെജ്രിവാൾ ഡൽഹിയുടെ ജനങ്ങൾക്ക് വെറുമൊരു നേതാവല്ലെന്നും അവരുടെ മകനും സഹോദരനും സംരക്ഷകനുമാണെന്നും അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ ഡൽഹിയിലെ ജനങ്ങൾ ബിജെപിയോട് പ്രതികാരം ചോദിക്കുമെന്നും അതിഷി പറഞ്ഞു.
പദയാത്രയ്ക്കിടെ ചില ബിജെപി പ്രവർത്തകർ കെജ്രിവാളിനെ ആക്രമിച്ചു. അവരുടെ പക്കൽ ആയുധങ്ങൾ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെടുമായിരുന്നു. നേരത്തെയും ബിജെപി പ്രവർത്തകർ കെജ്രിവാളിനെ ആക്രമിച്ചിട്ടുണ്ട്. പക്ഷെ അതിൽ ഡൽഹി പൊലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല- അതിഷി കൂട്ടിച്ചേർത്തു. അതേസമയം, എഎപി ആരോപണം ബിജെപി തള്ളി.