'വായിക്കുന്നത് ബിജെപിയുടെ തിരക്കഥ, നാണമുണ്ടെങ്കിൽ രാജിവെക്കണം': സ്വാതി മലിവാളിനെതിരെ എഎപി
|പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സൽ ഗുരുവിനെ വധശിക്ഷയിൽനിന്ന് രക്ഷിക്കാൻ പോരാട്ടം നടത്തിയവരാണ് അതിഷിയുടെ മാതാപിതാക്കൾ എന്നായിരുന്നു സ്വാതിയുടെ ആരോപണം
ന്യൂഡല്‍ഹി: നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കെതിരായ വിവാദ പരാമര്‍ശത്തിന് പിന്നാലെ പാര്‍ട്ടി എംപി സ്വാതി മലിവാളിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട് എഎപി.
ആം ആദ്മി പാർട്ടി രാജ്യസഭയിലേക്ക് അയച്ചിട്ടും ബിജെപിയുടെ തിരക്കഥയാണ് മലിവാൾ വായിക്കുന്നതെന്ന് എഎപി മുതിർന്ന നേതാവ് ദിലീപ് പാണ്ഡെ പറഞ്ഞു.അൽപ്പമെങ്കിലും നാണമുണ്ടെങ്കില്‍ രാജ്യസഭാ എംപി സ്ഥാനം രാജിവച്ച് ബിജെപി ടിക്കറ്റിൽ മത്സരിക്കാനുള്ള വഴി നോക്കണമെന്നും ദിലീപ് പാണ്ഡെ വ്യക്തമാക്കി.
പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ വധശിക്ഷയില്‍നിന്ന് രക്ഷിക്കാന്‍ പോരാട്ടം നടത്തിയവരാണ് അതിഷിയുടെ മാതാപിതാക്കള്‍ എന്നായിരുന്നു സ്വാതിയുടെ ആരോപണം. ഇത്തരമൊരു മുഖ്യമന്ത്രിയില്‍നിന്ന് ഡല്‍ഹിയിലെ ജനങ്ങളെ ദൈവം രക്ഷിക്കട്ടേയെന്നും അതിഷി ഡമ്മി മുഖ്യമന്ത്രിയെന്നുമായിരുന്നു സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെ സ്വാതി പറഞ്ഞത്. ഇതിനു പിന്നാലെയാണ് സ്വാതി, രാജ്യസഭാംഗത്വം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി രംഗത്തെത്തിയിരിക്കുന്നത്.
നിലവില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട നിലയിലാണ് സ്വാതി മലിവാള്‍. മുഖ്യമന്ത്രിയുടെ വീട്ടിൽ വെച്ച് കെജ്‌രിവാളിന്റെ സഹായി ബിഭവ് കുമാർ തന്നെ ആക്രമിച്ചുവെന്ന സ്വാതി മലിവാളിന്റെ ആരോപണമാണ് പാര്‍ട്ടിക്കെതിരാക്കി മാറ്റിയത്. ബിഭവ് കുമാറിനെതിരെ സ്വാതി മലിവാള്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തതിനു പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമം മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ള നേതാക്കള്‍ രാഷ്ട്രീയകാര്യ സമിതിയിൽ പിന്തുണച്ചതിനു പിന്നാലെയാണ് അതിഷി ഡൽഹി മുഖ്യമന്ത്രിയാകുന്നത്. ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി. നേരത്തെ ബിജെപിയിൽ നിന്ന് സുഷമ സ്വരാജും കോൺഗ്രസിൽ നിന്ന് ഷീലാ ദീക്ഷിതും ഡല്‍ഹി മുഖ്യമന്ത്രിമാരായിരുന്നു. ആം ആദ്മി സര്‍ക്കാരില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത് വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്തിരുന്നത്.