യശ്വന്ത് സിൻഹയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി
|എ.എ.പിക്ക് പത്ത് രാജ്യസഭാ അംഗങ്ങളും 156 എം.എൽ.എമാരുമുണ്ട്
ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി(എ.എ.പി). എ.എ.പി രാജ്യസഭാ അംഗം സഞ്ജയ് സിങ്ങാണ് പ്രഖ്യാപനം നടത്തിയത്.
എ.എ.പി രാഷ്ട്രീയ ഉപദേശക സമിതി യോഗത്തിനു ശേഷമാണ് സഞ്ജയ് സിങ് സിൻഹയ്ക്ക് പിന്തുണ നൽകാൻ പാർട്ടി തീരുമാനിച്ച കാര്യം അറിയിച്ചത്. എൻ.ഡി.എ സ്ഥാനാർത്ഥിയായ ദ്രൗപദി മുർമുവിനോടുള്ള എല്ലാ ആദരവും നിലനിർത്തിക്കൊണ്ടു തന്നെയാണ് യശ്വന്ത് സിൻഹയെ പിന്തുണയ്ക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിക്കും കോൺഗ്രസിനും പുറമെ ഒന്നിലേറെ സംസ്ഥാനങ്ങൾ ഭരിക്കുന്ന ഏക കക്ഷിയാണ് എ.എ.പി. ഡൽഹി, പഞ്ചാബ് എന്നിവിടങ്ങൾ ഭരിക്കുന്ന ആം ആദ്മി പാർട്ടിയുടെ പിന്തുണയ്ക്ക് അതിനാൽ കൂടുതൽ രാഷ്ട്രീയ പ്രാധാന്യമുണ്ട്. രണ്ട് സംസ്ഥാനങ്ങളിൽനിന്നുമായി 10 രാജ്യസഭാ അംഗങ്ങള്‍ പാർട്ടിക്കുണ്ട്. പഞ്ചാബിലും ഡൽഹിയിലും ഗോവയിലുമായി ആകെ 156 എം.എൽ.എമാരുമുണ്ട്. പഞ്ചാബിൽ 92ഉം ഡൽഹിയിൽ 62ഉം ഗോവയിൽ രണ്ടും നിയമസഭാ സാമാജികരാണ് എ.എ.പിക്കുള്ളത്.
തൃണമൂൽ നേതാവ് മമത ബാനർജി നടത്തിയ രാഷ്ട്രീയനീക്കങ്ങൾക്കൊടുവിലാണ് പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹയെ പ്രഖ്യാപിച്ചത്. നേരത്തെ, എൻ.സി.പി തലവൻ ശരദ് പവാർ, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പൗത്രനും നയതന്ത്രജ്ഞനുമായ ഗോപാലകൃഷ്ണ ഗാന്ധി, നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല എന്നിവരുടെ പേരുകൾ സ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നെങ്കിലും മൂവരും മത്സരിക്കാൻ താൽപര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.
അതേസമയം, വൈ.എസ്.ആർ കോൺഗ്രസ്, ബിജു ജനതാദൾ, ബി.എസ്.പി, ശിരോമണി അകാലിദൾ, ശിവസേന തുടങ്ങിയ പ്രാദേശികകക്ഷികളെല്ലാം ദ്രൗപദി മുർമുവിന് പിന്തുണ അറിയിച്ചുകഴിഞ്ഞിട്ടുണ്ട്. ഇതിനകം അവർക്ക് ലഭിക്കാനിടയുള്ള വോട്ട്‌ഷെയർ 60 ശതമാനം പിന്നിട്ടിരിക്കുകയാണ്.
തിങ്കളാഴ്ചയാണ് രാഷ്ട്രപതി വോട്ടെടുപ്പ് നടക്കുന്നത്. 21ന് ഫലം പുറത്തുവരും.
Summary: AAP backs Yashwant Sinha as presidential candidate