India
AAPs Atishi accuses BJP of conspiring to kill Delhi CM Arvind Kejriwal in jail by not providing him proper medical care
India

'കെജ്‌രിവാളിനെ ജയിലിലിട്ട് കൊല്ലാന്‍ ശ്രമം'; ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി എ.എ.പി

Web Desk
|
14 July 2024 2:52 PM GMT

''30 വര്‍ഷമായി പ്രമേഹരോഗിയാണ് കെജ്‌രിവാള്‍. 8.5 കി.ഗ്രാം വരെ ശരീരഭാരവും കുറഞ്ഞിട്ടുണ്ട്. എന്തും സംഭവിക്കാവുന്ന അവസ്ഥയിലാണുള്ളത്.''

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. അരവിന്ദ് കെജ്‌രിവാളിനെ ജയിലിലിട്ട് ഇല്ലാതാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് എ.എ.പി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി പറഞ്ഞു. കെജ്‌രിവാളിന് ജയിലില്‍ കൃത്യമായ ചികിത്സകളെല്ലാം ബി.ജെ.പി ഇടപെട്ടു നിഷേധിക്കുകയാണെന്നാണ് ആരോപണം.

കെജ്‌രിവാളിനെ ജയിലില്‍ തന്നെ നിര്‍ത്താന്‍ മാത്രമല്ല, അദ്ദേഹത്തിന്റെ ആരോഗ്യം ഇല്ലാതാക്കാനും ഗൂഢാലോചന നടക്കുന്നുണ്ട്. അദ്ദേഹത്തെ വധിക്കാനുള്ള ഗൂഢാലോചനയാണു നടക്കുന്നത്. ഏകാധിപതികള്‍ തങ്ങളുടെ പ്രതിയോഗികളെ ജലിലിലടച്ച്, ആരോഗ്യം വഷളാക്കി കൊന്നുകളയുന്നത് ഇതാദ്യത്തെ സംഭവമല്ല. കെജ്‌രിവാള്‍ നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ക്കുമുന്‍പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാഞ്ഞിട്ട്, അദ്ദേഹത്തെ വ്യാജ കേസുകളില്‍ കുടുക്കി ജയിലില്‍ നിര്‍ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അതിഷി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

''30 വര്‍ഷമായി പ്രമേഹരോഗിയാണ് കെജ്‌രിവാള്‍. എന്നാല്‍, ഇന്‍സുലില്‍ എടുക്കാനോ ഡോക്ടര്‍മാരുമായി സംസാരിക്കാനോ അദ്ദേഹത്തെ ബി.ജെ.പി അനുവദിച്ചിരുന്നില്ല. ഒടുവില്‍ ഇക്കാര്യത്തില്‍ കോടതി ഇടപെടേണ്ടിവന്നു. അദ്ദേഹത്തിന്റെ ഷുഗര്‍ നില വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് എന്തും സംഭവിക്കാം. 8.5 കി.ഗ്രാം വരെ ശരീരഭാരവും കുറഞ്ഞിട്ടുണ്ട്.''

കെജ്‌രിവാളിനു പക്ഷാഘാതമുണ്ടാകുകയോ മസ്തിഷ്‌കത്തിന് എന്തെങ്കിലും സംഭവിക്കുകയോ ചെയ്താല്‍ അതിന് ഉത്തരവാദി ബി.ജെ.പി ആയിരിക്കുമെന്നും അതിഷി തുടര്‍ന്നു. അങ്ങനെ സംഭവിച്ചാല്‍ രാജ്യം മാത്രമല്ല, ദൈവവും നിങ്ങളോട് പൊറുക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കെജ്‌രിവാളിന്റെ ആരോഗ്യവിഷയം ഉയര്‍ത്തി കോടതിയെ സമീപിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ടെന്നും അതിഷി അറിയിച്ചു. കെജ്‌രിവാളിന്റെ ആരോഗ്യനില വിശദീകരിച്ചു രണ്ട് ഡോക്ടര്‍മാരും അതിഷിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

Summary: AAP's Atishi accuses BJP of conspiring to kill Delhi CM Arvind Kejriwal in jail by not providing him proper medical care

Similar Posts