India
തെരഞ്ഞെടുപ്പ് പ്രചാരണഗാനത്തിന് കമ്മീഷൻ വിലക്കേർപ്പെടുത്തിയതായി എ.എ.പി
India

തെരഞ്ഞെടുപ്പ് പ്രചാരണഗാനത്തിന് കമ്മീഷൻ വിലക്കേർപ്പെടുത്തിയതായി എ.എ.പി

Web Desk
|
28 April 2024 9:56 AM GMT

ഒരു പാർട്ടിയുടെ പ്രചാരണ ഗാനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏർപ്പെടുത്തുന്നത് ഇതാദ്യമാണെന്ന് മുതിർന്ന എ.എ.പി നേതാവും മന്ത്രിയുമായ അതിഷി

ന്യൂഡല്‍ഹി: പാർട്ടിയുടെ ലോക്‌സഭാ പ്രചാരണ ഗാനമായ 'ജയിൽ കെ ജവാബ് മേ ഹം വോട്ട് ദേംഗേ'( ജയിലിലാക്കിയതിന് വോട്ടിലൂടെ മറുപടി നല്‍കും) എന്ന ഗാനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ) നിരോധനം ഏർപ്പെടുത്തിയതായി എ.എ.പി.

ഭരണകക്ഷിയായ ബി.ജെ.പിയേയും അന്വേഷണ ഏജൻസികളെയും മോശക്കാരക്കുന്നുവെന്ന് പറഞ്ഞാണ് ഗാനത്തെ വിലക്കിയതെന്നാണ് എ.എ.പി ആരോപിക്കുന്നത്. ഒരു പാർട്ടിയുടെ പ്രചാരണ ഗാനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏർപ്പെടുത്തുന്നത് ഇതാദ്യമാണെന്ന് മുതിർന്ന എ.എ.പി നേതാവും മന്ത്രിയുമായ അതിഷി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ഗാനത്തിൽ ബിജെപിയെ പരാമർശിക്കുന്നില്ല, മാതൃകാ പെരുമാറ്റച്ചട്ടവും ലംഘിക്കുന്നില്ല. വസ്തുതാപരമായ വീഡിയോകളും സംഭവങ്ങളുമാണ് ഉള്‍കൊള്ളിച്ചിരിക്കുന്നതെന്നും അതിഷി പറഞ്ഞു. ബിജെപി നടത്തിയ തെരഞ്ഞെടുപ്പ് ചട്ട ലംഘനങ്ങളിൽ ഇസി നടപടിയെടുത്തില്ലെന്നും അതിഷി പറഞ്ഞു.

''ബി.ജെ.പി ഏകാധിപത്യ രീതിയിലാണ് പെരുമാറുന്നത്. അതൊന്നും പറയാന്‍ പറ്റില്ല. ജനാധിപത്യം അപകടത്തിലാണെന്നാണ് ഇത് കാണിക്കുന്നത്. ബി.ജെ.പി നടത്തിയ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങളിൽ നടപടിയെടുക്കാനും പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങൾ അവസാനിപ്പിക്കാതിരിക്കാനും കമ്മീഷനോട് അഭ്യര്‍ഥിക്കുകയാണ്- മന്ത്രി കൂട്ടിച്ചേര്‍ത്തു.

രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള പ്രചാരണ ഗാനം രചിച്ച് ആലപിച്ചിരിക്കുന്നത് എ.എ.പി, എംഎല്‍എ കൂടിയായ എ ദിലീപ് പാണ്ഡെയാണ്. കഴിഞ്ഞ വ്യാഴാഴ്ച പാർട്ടി ആസ്ഥാനത്താണ് ഗാനം പുറത്തിറക്കിയത്.

Similar Posts