'മൻ കി ബാത്തിന്' 830 കോടി ചെലവഴിച്ചെന്ന് ട്വീറ്റ്; എ.എ.പി ഗുജറാത്ത് അധ്യക്ഷനെതിരെ കേസെടുത്തു
|ഞായറാഴ്ചയായിരുന്നു മൻ കി ബാത്തിന്‍റെ നൂറാം എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പരിപാടിയായ 'മൻ കി ബാത്തിന്റെ' 100 എപ്പിസോഡുകൾക്കായി കേന്ദ്രസർക്കാർ 830 കോടി രൂപ ചെലവഴിച്ചെന്ന് ട്വീറ്റ് ചെയ്ത ആം ആദ്മി പാര്‍ട്ടി ഗുജറാത്ത് അധ്യക്ഷൻ ഇസുദൻ ഗദ്‍വിക്കെതിരെ പൊലീസ് കേസെടുത്തു.
'മൻ കി ബാത്തിന്റെ ഒരു എപ്പിസോഡിന്റെ വില 8.3 കോടി രൂപ! അതായത് 100 എപ്പിസോഡുകൾക്കായി കേന്ദ്രം ഇതുവരെ 830 കോടി രൂപ ചെലവഴിച്ചു. ഇത് വളരെ കൂടുതലാണ്. ബി.ജെ.പി പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തണം. കാരണം അവരാണ് ഈ പരിപാടി കൂടുതലായും കേൾക്കുന്നത്...' എന്നായിരുന്നു ഗദ്‍വിയുടെ ട്വീറ്റ്.
ട്വീറ്റ് ശ്രദ്ധയിൽപ്പെട്ടതോടെ ഏപ്രിൽ 29 ന് ഗദ്‍വിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി സൈബർ ക്രൈം അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ജെഎം യാദവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മാനനഷ്ടം, കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക, ആളുകൾക്കിടയിൽ ശത്രുതയോ വിദ്വേഷമോ ഉണ്ടാക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ പ്രസ്താവനകൾ നടത്തുക, തുടങ്ങിയ നിരവധി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ശരിയായ വിവരങ്ങളോ, രേഖകളോ ഇല്ലാതെയാണ് ഗദ്‍വിയുടെ അവകാശവാദമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 'സർക്കാരിന് വേണ്ടി പൊലീസ് തന്നെ സ്വമേധയാ കേസെടുക്കുകയായിരുന്നു. ഗദ്‍വിക്കെതിരെ തെളിവുകൾ ശേഖരിക്കുമെന്നും തുടർ നടപടികളുമായി മുന്നോട്ട് പോകുമെന്നും പൊലീസ് അറിയിച്ചു. എന്നാൽ അദ്ദേഹത്തെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
അതേസമയം, വിവാദമായതോടെ ഗദ്‍വി ട്വീറ്റ് ഡിലീറ്റ് ചെയ്തിരുന്നു. വ്യാജ കേസുകളിലൂടെ ബി.ജെ.പി തങ്ങളുടെ നേതാക്കളെ ഉപദ്രവിക്കുകയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. 'ഒരു ട്വീറ്റിന്റെ പേരിലാണ് ഗദ്‍വിക്കെതിരെ കേസെടുത്തിരിക്കുന്നത്. ബിജെപിയും അവരുടെ സർക്കാരും ഞങ്ങളെ തടയാനും തകർക്കാനും ശ്രമിക്കുകയാണ്. പക്ഷേ, ഞങ്ങൾ പോരാട്ടം തുടരും,' ആം ആദ്മി പാർട്ടിയുടെ ദേശീയ ജോയിന്റ് സെക്രട്ടറിയും ഗുജറാത്ത് പാർട്ടി മുൻ അധ്യക്ഷനുമായ ഗോപാൽ ഇറ്റാലിയ പറഞ്ഞു.
ഞായറാഴ്ചയായിരുന്നു പ്രധാനമന്ത്രി മോദിയുടെ 'മൻ കി ബാത്ത്' റേഡിയോ പ്രസംഗത്തിന്റെ നൂറാം എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്.