കോൺഗ്രസ് വിടുമെന്ന വാർത്തകൾക്കിടെ ഹർദിക് പട്ടേലിനെ സ്വാഗതം ചെയ്ത് എഎപി
|ഹർദികിനെപ്പോലെ സമർപ്പണബോധമുള്ള നേതാക്കൾക്ക് കോൺഗ്രസിൽ ഇടമില്ലെന്ന് എഎപി ഗുജറാത്ത് അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ പറഞ്ഞു.
അഹമ്മദാബാദ്: പാർട്ടി നേതൃത്വത്തിന്റെ സമീപനത്തിൽ അതൃപ്തി പരസ്യമാക്കിയ ഹർദിക് പട്ടേൽ കോൺഗ്രസ് വിടുമെന്ന സൂചനകൾക്കിടെ അദ്ദേഹത്തെ സ്വാഗതം ചെയ്ത് ആം ആദ്മി പാർട്ടി നേതൃത്വം. ഹർദികിനെപ്പോലെ സമർപ്പണബോധമുള്ള നേതാക്കൾക്ക് കോൺഗ്രസിൽ ഇടമില്ലെന്ന് എഎപി ഗുജറാത്ത് അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ പറഞ്ഞു.
''ഹർദിക് പട്ടേലിന് കോൺഗ്രസിൽ തുടരാൻ താൽപര്യമില്ലെങ്കിൽ സമാനചിന്താഗതിക്കാരായ എഎപിയിൽ ചേരാം. കോൺഗ്രസിനെ വിമർശിച്ച് സമയം കളയുന്നതിന് പകരം അദ്ദേഹത്തിന് ഇവിടെ പ്രവർത്തിക്കാം. കോൺഗ്രസിനെപ്പോലുള്ള ഒരു പാർട്ടിയിൽ ഹർദികിനെപ്പോലെ സമർപ്പണബോധമുള്ള ആളുകൾക്ക് ഇടമില്ല''- ഇറ്റാലിയ പറഞ്ഞു.
അതേസമയം കോൺഗ്രസ് വിടുമെന്ന വാർത്തകൾ പട്ടേൽ നിഷേധിച്ചു. ''ഇതുവരെ എന്റെ 100 ശതമാനവും ഞാൻ കോൺഗ്രസിനാണ് നൽകിയിട്ടുള്ളത്. വരുംദിവസങ്ങളിലും അതുപോലെ തന്നെയായിരിക്കും. ഗുജറാത്തിൽ മികച്ച വികസനം നടത്താനാവും. പാർട്ടിക്കകത്ത് ചെറിയ തർക്കങ്ങളും കുറ്റപ്പെടുത്തലുകളുമെല്ലാമുണ്ട്. പക്ഷെ ഗുജറാത്തിനെ മെച്ചപ്പെട്ട ഇടമാക്കി മാറ്റാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും''-ഹർദിക് പറഞ്ഞു.
ഒബിസി വിഭാഗത്തിൽ സംവരണം ആവശ്യപ്പെട്ട് 2015ൽ ഗുജറാത്തിൽ പാട്ടീദാർ സമുദായത്തിന്റെ സമരത്തിന് നേതൃത്വം നൽകിയ യുവനേതാവാണ് ഹർദിക് പട്ടേൽ. രാഹുൽ ഗാന്ധിയാണ് ഹർദികിന് കോൺഗ്രസിലേക്ക് ക്ഷണിച്ചത്. 2020ൽ ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റായി നിയമിച്ചു.