India
AAP lends in principle support to Centre on Uniform Civil Code
India

ഏകീകൃത സിവിൽ കോഡിനെ പിന്തുണയ്ക്കുന്നു, സമവായമുണ്ടാക്കണം: എ.എ.പി

Web Desk
|
28 Jun 2023 10:08 AM GMT

'എല്ലാ രാഷ്ട്രീയ പാർട്ടികളുമായും മതങ്ങളുമായും സംഘടനകളുമായും വിപുലമായ കൂടിയാലോചന നടത്തുകയും സമവായമുണ്ടാക്കുകയും വേണം'

ഡല്‍ഹി: ഏകീകൃത സിവിൽ കോഡിനെ തത്വത്തില്‍ പിന്തുണയ്ക്കുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി. മത-രാഷ്ട്രീയ സംഘടനകളുമായി ചർച്ച നടത്തണം. വിഷയത്തിൽ സമവായമുണ്ടാക്കണമെന്നും എ.എ.പി ആവശ്യപ്പെട്ടു.

"ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 44ൽ രാജ്യത്ത് ഏക സിവില്‍ കോഡ് നിർദേശിക്കുന്നുണ്ട്. ഞങ്ങളിതിനെ തത്വത്തിൽ പിന്തുണയ്ക്കുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും മതങ്ങളുമായും സംഘടനകളുമായും വിപുലമായ കൂടിയാലോചന നടത്തുകയും സമവായമുണ്ടാക്കുകയും വേണം"- എ.എ.പി നേതാവ് സന്ദീപ് പഥക് പറഞ്ഞു.

ഏകീകൃത സിവിൽ കോഡ് ഭരണഘടന വിഭാവനം ചെയ്തതാണെന്നും സുപ്രിംകോടതി നിയമം നടപ്പാക്കാൻ നിര്‍ദേശിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതോടെയാണ് ഏക സിവില്‍ കോഡ് ചര്‍ച്ച വീണ്ടും ചൂടുപിടിച്ചത്. ഭരണഘടന തുല്യ നീതിയാണ് ആവശ്യപ്പെടുന്നത്. രാഷ്ട്രീയ നേട്ടത്തിനാണ് പ്രതിപക്ഷം ഏക സിവില്‍ കോ‍ഡിനെ ഉപയോഗിക്കുന്നത്. ഒരു രാജ്യത്ത് രണ്ട് നിയമങ്ങൾ എങ്ങനെ സാധ്യമാകുമെന്നും പ്രധാനമന്ത്രി ചോദിച്ചു. മുത്തലാഖിനെ പിന്തുണക്കുന്നത് മുസ്‌ലിം പെൺകുട്ടികളോട് ചെയ്യുന്ന കടുത്ത അനീതിയാണെനും അദ്ദേഹം പറഞ്ഞു.

അതേസമയം മധ്യപ്രദേശ് ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ നേട്ടങ്ങൾക്കായി ഏകീകൃത സിവില്‍ കോഡ് വിഷയം പ്രധാനമന്ത്രി ഉയർത്തുകയാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. പണപ്പെരുപ്പം, തൊഴിലില്ലായ്മ, മണിപ്പൂരിലെ സംഘര്‍ഷം തുടങ്ങിയ യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ചര്‍ച്ച വഴിതിരിച്ചുവിടാനുള്ള തന്ത്രമായാണ് പ്രധാനമന്ത്രി സിവില്‍ കോഡ് വിഷയം ഉപയോഗിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.

ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് മതസംഘടനകളിൽനിന്നും പൊതുജനങ്ങളിൽനിന്നും നിർദേശങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞ് 21-ാം നിയമ കമ്മിഷൻ ഈയിടെ ഉത്തരവിറക്കിയിരുന്നു. 30 ദിവസത്തിനകം നിർദേശങ്ങൾ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഏക സിവിൽ കോഡ് നടപ്പായാൽ വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ തുടങ്ങിയ വിഷയങ്ങൾ രാജ്യത്ത് പൊതുനിയമത്തിന് കീഴിൽ വരും. മതാടിസ്ഥാനത്തിൽ പ്രത്യേക സംവിധാനങ്ങൾ ഉണ്ടാകില്ല.

Summary- The Aam Aadmi Party (AAP) supported the implementation of the Uniform Civil Code (UCC) across the country but only after a wide consensus is built through consultation with all stakeholders.

Similar Posts