പഞ്ചാബില്‍ എ.എ.പിക്ക് കനത്ത തിരിച്ചടി; ഭഗവന്ത് മന്നിന്‍റെ സീറ്റ് നഷ്ടമായി
|പഞ്ചാബില്‍ എ.എ.പിക്ക് ആകെ ഉണ്ടായിരുന്ന ലോക്സഭാ സീറ്റാണ് നഷ്ടമായത്.
ഛത്തിസ്ഗഢ്: പഞ്ചാബില്‍ നടന്ന ലോക്സഭാ ഉപതെരഞ്ഞടുപ്പില്‍ ആം ആദ്മി പാർട്ടിക്ക് തിരിച്ചടി. സംഗ്രൂര്‍ ലോക്സഭാ സീറ്റ് എ.എ.പിക്ക് നഷ്ടമായി. മുഖ്യമന്ത്രിയാകും മുന്‍പ് ഭഗവന്ത് മന്നിന്‍റെ സീറ്റായിരുന്നു ഇത്. പഞ്ചാബില്‍ എ.എ.പിക്ക് ആകെ ഉണ്ടായിരുന്ന ലോക്സഭാ സീറ്റാണ് നഷ്ടമായത്.
സംഗ്രൂരിൽ എ.എ.പിയുടെ സിറ്റിങ് സീറ്റില്‍ ശിരോമണി അകാലിദള്‍ (അമൃത്സര്‍) സ്ഥാനാര്‍ഥി സിമ്രഞ്ജിത് സിങ് മൻ ആണ് വിജയിച്ചത്. 5800 വോട്ടാണ് ഭൂരിപക്ഷം. എ.എ.പിയുടെ ഗുർമെയിൽ സിങിനെയാണ് പരാജയപ്പെടുത്തിയത്. 77കാരനായ സിമ്രൻജിത് സിങ് മൻ മുൻ എംപിയും ശിരോമണി അകാലിദള്‍ (അമൃത്സർ) പ്രസിഡന്‍റുമാണ്. ശിരോമണി അകാലിദളുമായി ഈ സംഘടനയ്ക്ക് ബന്ധമില്ല.
കോൺഗ്രസ് സ്ഥാനാർഥി ദൽവീർ സിങ് ഗോൾഡിയാണ് മൂന്നാമതെത്തിയത്. ബി.ജെ.പിയുടെ കേവൽ ധില്ലൻ നാലാമതും അകാലിദളിന്റെ കമൽദീപ് കൗർ രജോന അഞ്ചാമതും എത്തി.
ഈ വർഷം ആദ്യം നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട ഭഗവന്ത് മൻ എം.പി സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് സംഗ്രൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 1.10 ലക്ഷം വോട്ടാണ് 2019ല്‍ ഭഗവന്ത് മന്‍ നേടിയത്. 2014ലും ഭഗവന്ത് മന്‍ ആണ് സംഗ്രൂരില്‍ വിജയിച്ചത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 72.44 ശതമാനം പോളിങ് സംഗ്രൂരിലുണ്ടായപ്പോള്‍ ഉപതെരഞ്ഞെടുപ്പിൽ 45.30 ശതമാനം മാത്രമായിരുന്നു പോളിങ്.
എ.എ.പിയെ സംബന്ധിച്ചിടത്തോളം, ഉപതെരഞ്ഞെടുപ്പ് അഭിമാന പോരാട്ടമായിരുന്നു. ഈ വർഷം മാർച്ചിൽ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് ശേഷം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ് എ.എ.പി.