ഡൽഹിയിൽ കെട്ടിടം പൊളിക്കുന്നത് തടഞ്ഞു; ആംആദ്മി പാർട്ടി എംഎൽഎ അമാനത്തുല്ല ഖാന്‍ കസ്റ്റഡിയിൽ
|പ്രതിഷേധിക്കുന്ന ആളുകളെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് നീക്കം ചെയ്യുന്നുണ്ട്
ഡൽഹി: മദൻപൂരിൽ കെട്ടിടം പൊളിക്കുന്നത് തടഞ്ഞ ആംആദ്മി പാർട്ടി എംഎൽഎ അമാനത്തുല്ല ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദൻപൂരിൽ കെട്ടിടം പൊളിക്കാൻ അധികൃതർ എത്തിയപ്പോൾ പ്രതിഷേധിച്ചതിനെതിരെയാണ് നടപടി. മദൻപൂരിൽ കനത്ത പോലീസ് കാവലിലാണ് കെട്ടിടം പൊളിക്കുന്നത്. പ്രതിഷേധിക്കുന്ന ആളുകളെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് നീക്കം ചെയ്യുന്നുണ്ട്.
തെക്കൻ ഡൽഹി കോർപറേഷന്റെ നടപടികൾക്കെതിരെ അമാനത്തുല്ല ഖാൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഓഖ്ല മേഖലയിലെ കയ്യേറ്റം ഒഴിപ്പിക്കൽ നടപടി സ്ഥലം എം.എൽ.എയായ തന്നെയോ പൊതുമരാമത്ത് വകുപ്പിനെയോ അറിയിക്കാതെയാണ് നടക്കുന്നതെന്നാണ് അമാനത്തുല്ല ഖാന്റെ പരാതി. മുനിസിപ്പൽ ചട്ടം ലംഘിച്ച കോർപറേഷൻ അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ അമാനത്തുല്ല ഖാൻ ആവശ്യപ്പെട്ടു.
അതേസമയം, പൊളിക്കൽ നടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് കോർപറേഷൻ അധികൃതരുടെ തീരുമാനം. ലോധി കോളനി, മെഹർചന്ദ് മാർക്കറ്റ്, ജെ.എൽ.എൻ മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലെ അനധികൃത കയ്യേറ്റങ്ങൾ ഇന്ന് പൊളിച്ച് നീക്കാൻ ആണ് തെക്കൻ ഡൽഹി കോർപറേഷൻ തീരുമാനിച്ചിരിക്കുന്നത്. മെയ് പതിമൂന്നോടെ കയ്യേറ്റം ഒഴിപ്പിക്കൽ യജ്ഞം അവസാനിക്കുന്ന തരത്തിലാണ് കോർപറേഷന്റെ പദ്ധതി.