India
AAP MP Sanjay Singh
India

ഒരു വർഷത്തിനുള്ളിൽ പുതിയ കേന്ദ്രസർക്കാർ വീഴും': എ.എ.പി നേതാവ് സഞ്ജയ് സിങ്

Web Desk
|
10 Jun 2024 4:50 AM GMT

''എൻ.ഡി.എ ഘടകകക്ഷികൾ പ്രതീക്ഷിക്കുന്നതുപോലെയല്ല മോദി ചെയ്യുക. രാഷ്ട്രീയ പാർട്ടികളെ തകർക്കുന്ന സമീപനവുമായാകും അദ്ദേഹം മുന്നോട്ട് പോകുക''

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ കേന്ദ്രസർക്കാർ ഒരു വർഷത്തിനുള്ളിൽ തകരുമെന്ന് ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിങ്. എൻ.ഡി.എ ഘടകകക്ഷികളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ മോദി പരാജയപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെയാണ് നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പ്രധാനമന്ത്രിപദത്തില്‍ മോദിക്ക് ഇത് മൂന്നാമൂഴമാണ്. കാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും സ്വതന്ത്രരും ഉള്‍പ്പെടെ 72 അംഗ മന്ത്രിസഭയെയാണ് അദ്ദേഹം ഇക്കുറി നയിക്കുന്നത്.

''പുതിയ കേന്ദ്ര സർക്കാരിന് ആറുമാസം മുതൽ ഒരു വർഷം വരെയോ കാലാവധിയുള്ളൂ. അതിൽ കൂടുതൽ കാലം നിലനിൽക്കില്ല. എൻ.ഡി.എ ഘടകകക്ഷികൾ പ്രതീക്ഷിക്കുന്നതുപോലെയല്ല മോദി ചെയ്യുക. രാഷ്ട്രീയ പാർട്ടികളെ തകർക്കുന്ന സമീപനവുമായാകും അദ്ദേഹം(മോദി) മുന്നോട്ട് പോകുക''- സഞ്ജയ് സിങ് പറഞ്ഞു. പ്രയാഗ്‌രാജിലെ സർക്യൂട്ട് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സഞ്ജയ് സിങ്. എ.എ.പിയുടെ രാജ്യസഭാ എം.പിയാണ് സഞ്ജയ് സിങ്. പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശിന്റ ചുമതല കൂടി അദ്ദേഹത്തിനുണ്ട്.

''നിങ്ങളുടെ പാര്‍ട്ടിയില്‍ നിന്നുള്ളൊരാളെ സ്പീക്കറാക്കണമെന്നാണ് എനിക്ക് ടി.ഡി.പിയോടും ജെ.ഡി.യുവിനോടും പറയാനുള്ളത്, അല്ലെങ്കില്‍ നിങ്ങളുടെ പാർട്ടിയിലെ എത്ര എം.പിമാർ ബി.ജെ.പിയിലേക്ക് പോകുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലെന്നും സിങ് കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭയിലെ സ്പീക്കർ സ്ഥാനം ബി.ജെ.പി കൈവശപ്പെടുത്തുന്നത് അപകടകരമെന്ന് നേരത്തെയും സഞ്ജയ് സിങ് പറഞ്ഞിരുന്നു. കുതിരക്കച്ചവടത്തിനും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനത്തിനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

Similar Posts