സിസോദിയയുടെ അറസ്റ്റ്: ഡല്‍ഹിയില്‍ പ്രതിഷേധം, എ.എ.പി ഓഫീസില്‍ കയറിയ പൊലീസിനെ തള്ളിപ്പുറത്താക്കി പ്രവര്‍ത്തകര്‍
|ബി.ജെ പി ആസ്ഥാനത്ത് പ്രതിഷേധിച്ച എ.എ.പി പ്രവർത്തകരെ പൊലീസ് തടഞ്ഞതിനെ തുടർന്ന് ഉന്തും തള്ളുമുണ്ടായി
ഡൽഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിനെ തുടർന്ന് ഡൽഹിയിൽ നാടകീയ രംഗങ്ങൾ. ബി.ജെ പി ആസ്ഥാനത്ത് പ്രതിഷേധിച്ച എ.എ.പി പ്രവർത്തകരെ പൊലീസ് തടഞ്ഞതിനെ തുടർന്ന് ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം എ.എ.പി ഓഫീസിന് മുന്നിലേക്ക് മാറ്റിയെങ്കിലും പൊലീസുമായി ഇവിടെയും പ്രശ്നങ്ങളുണ്ടായി. പാർട്ടി ഓഫീസിലേക്ക് കയറിയ പൊലീസിനെ എ.എ.പി പ്രവർത്തകർ തള്ളിപ്പുറത്താക്കി.
മനീഷ് സിസോദിയയുടെ അറസ്റ്റിൽ രാജ്യവ്യാപകമായി കരിദിനം ആചരിക്കുകയാണ് ആം ആദ്മി പാർട്ടി. ഇന്നലെയാണ് മദ്യനയ കേസിൽ സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റർ ചെയ്തു ഒരു വർഷം തികയും മുൻപാണ് മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുൻപ് സിസോദിയയെ അന്വേഷണ സംഘം രണ്ട് തവണയായി 15 മണിക്കൂർ ചോദ്യംചെയ്തു.
രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നത് എന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം. അഴിമതിയിലൂടെ സിസോദിയ സമ്പാദിച്ചുവെന്ന് പറയപ്പെടുന്ന പണം അസംഖ്യം പരിശോധനകൾ നടത്തിയിട്ടും അന്വേഷണ സംഘത്തിന് എന്തുകൊണ്ട് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും എ.എ.പി നേതാക്കള്‍ ചോദിക്കുന്നു. സിസോദിയയുടെ അറസ്റ്റ് അദ്ദേഹവും എ.എ.പിയും പ്രതീക്ഷിച്ചിരുന്നുവെന്നാണ് ഇന്നലത്തെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ജയിലില്‍ പോകാന്‍ ഭയമില്ലെന്ന് സിസോദിയ ഇന്നലെ സി.ബി.ഐ ഓഫീസിലേക്ക് പോകുംമുന്‍പ് അണികളോട് പറഞ്ഞു.
"ഞാൻ 7-8 മാസം ജയിലിലായിരിക്കും. എന്നെയോര്‍ത്ത് വ്യസനിക്കേണ്ട. അഭിമാനിക്കൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭയമുള്ള ഒരേയൊരു പാര്‍ട്ടിയാണ് എ.എ.പി. അതിനാലാണ് എന്നെ കള്ളക്കേസിൽ കുടുക്കുന്നത്. നിങ്ങൾ പോരാടണം. ആദ്യം മുതൽ എനിക്കൊപ്പം നിൽക്കുന്ന ഭാര്യ സുഖമില്ലാതെ വീട്ടിൽ തനിച്ചാണ്. അവരെ സംരക്ഷിക്കണം. ഡൽഹിയിലെ കുട്ടികളോട് എനിക്ക് പറയാനുള്ളത് നന്നായി പഠിക്കണമെന്നും മാതാപിതാക്കള്‍ പറയുന്നത് കേള്‍ക്കണമെന്നുമാണ്"- സിസോദിയ എ.എ.പി പ്രവര്‍ത്തകരോട് പറഞ്ഞു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു- "മനീഷ്, ദൈവം നിങ്ങളോടൊപ്പമുണ്ട്. ലക്ഷക്കണക്കിന് കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും അനുഗ്രഹം നിങ്ങളോടൊപ്പമുണ്ട്. രാജ്യത്തിനും സമൂഹത്തിനും വേണ്ടി നിങ്ങൾ ജയിലിൽ പോകുമ്പോൾ അതൊരു ശാപമല്ല, മഹത്വമാണ്. നിങ്ങൾ ജയിലിൽ നിന്ന് ഉടൻ മടങ്ങിവരാൻ ദൈവത്തോട് പ്രാർഥിക്കുന്നു. കുട്ടികളും മാതാപിതാക്കളും ഡൽഹിയിലുള്ള ഞങ്ങളെല്ലാവരും നിങ്ങൾക്കായി കാത്തിരിക്കും".
പുതിയ മദ്യനയത്തിനെതിരെ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ വി.കെ സക്സേനയാണ് കഴിഞ്ഞ വര്‍ഷം സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്. ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ തീരുമാനത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് എ.എ.പി ആരോപിച്ചു. ഇടനിലക്കാരെയും വ്യാപാരികളെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് ഡൽഹി മദ്യനയം തങ്ങൾക്കനുകൂലമാക്കാൻ വ്യവസായികളുടെയും രാഷ്ട്രീയക്കാരുടെയും 'ദക്ഷിണേന്ത്യന്‍ ലോബി' ശ്രമിച്ചെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. ഭാരത രാഷ്ട്ര സമിതി നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ കവിതയുടെ മുൻ ചാർട്ടേഡ് അക്കൗണ്ടന്‍റ് ബുച്ചിബാബു ഗോരന്തലയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.
Summary- A protest by the Aam Aadmi Party against the arrest of Delhi Deputy Chief Minister Manish Sisodia witnessed chaotic scenes