India
AAP Rajya Sabha MP Sanjay Singh Suspended For Remainder Of Monsoon Session
India

മണിപ്പൂരിനെ ചൊല്ലി പാര്‍ലമെന്‍റ് പ്രക്ഷുബ്ധം; എ.എ.പി എം.പിക്ക് സസ്പെന്‍ഷന്‍

Web Desk
|
24 July 2023 9:38 AM GMT

ബി.ജെ.പി എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കില്‍ സഞ്ജയ് സിങ്ങിനെ ജയിലിൽ അടയ്ക്കുമായിരുന്നുവെന്ന് എ.എ.പി നേതാക്കള്‍

ഡല്‍ഹി: എ.എ.പി രാജ്യസഭാ എം.പി സഞ്ജയ് സിങ്ങിന് സസ്പെന്‍ഷന്‍. ഈ സമ്മേളന കാലയളവില്‍ നിന്നാണ് ഉപരാഷ്ട്രപതി സസ്പെന്‍ഡ് ചെയ്തത്. മണിപ്പൂരിലെ അതിക്രമത്തെച്ചൊല്ലി സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള ബഹളത്തിനിടെ പാര്‍ലമെന്‍റ് പ്രക്ഷുബ്ധമായിരുന്നു. പാര്‍ലമെന്‍റിന്‍റെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതിനും രാജ്യസഭാ ചെയര്‍മാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പിന്മാറാതിരുന്നതിനുമാണ് സസ്പെന്‍ഷന്‍.

രാജ്യസഭയിലെ പ്രതിപക്ഷത്തിന്റെ ശക്തമായ ശബ്ദമാണ് സഞ്ജയ് സിങ്ങെന്നും ബി.ജെ.പി എന്തെങ്കിലും വഴിയുണ്ടെങ്കിൽ അദ്ദേഹത്തെ ജയിലിൽ അടയ്ക്കുമായിരുന്നുവെന്നും എ.എ.പി നേതാക്കള്‍ പ്രതികരിച്ചു- "സഞ്ജയ് സിങ് മുദ്രാവാക്യം വിളിക്കുകയും പ്രതിപക്ഷം ഒന്നടങ്കം ഒന്നിക്കുകയും ചെയ്യുന്നു. അദ്ദേഹം സർക്കാരിന്റെ കണ്ണിലെ കരടാണെന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ ശബ്ദം നിശബ്ദമാക്കാൻ അവർ പരമാവധി ശ്രമിക്കും. പക്ഷേ അവർ എന്ത് ചെയ്താലും സി.ബി.ഐ, ഇ.ഡി പോലുള്ള അന്വേഷണ ഏജൻസികളുടെ ദുരുപയോഗം എന്തുതന്നെയായാലും, ബി.ജെ.പി സർക്കാരിന്റെ തിരിച്ചുവരവ് ബുദ്ധിമുട്ടാണ്"- മന്ത്രി സൌരവ് ഭരദ്വാജ് പറഞ്ഞു.

സഞ്ജയ് സിങ്ങിന്‍റെ സസ്പെൻഷൻ ചർച്ച ചെയ്യാൻ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ വിളിച്ച യോഗത്തിൽ നിന്ന് പ്രതിപക്ഷ പാർട്ടി നേതാക്കള്‍ ഇറങ്ങിപ്പോയി. ഉപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. സഭാസ്തംഭനം ഒഴിവാക്കാൻ സഹകരിക്കണമെന്ന് ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു.

ജൂലൈ 20ന് മൺസൂൺ സമ്മേളനം ആരംഭിച്ചതു മുതൽ പാർലമെന്റിന്റെ ഇരുസഭകളും തടസ്സപ്പെടുകയാണ്. മണിപ്പൂരിലെ അക്രമത്തെക്കുറിച്ച് വിശദമായ ചർച്ചയും പാർലമെന്റിനുള്ളിൽ ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. മറ്റെല്ലാ വിഷയങ്ങളും മാറ്റിവെച്ച് മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും കുറച്ചു സമയത്തെ ചര്‍ച്ചയ്ക്ക് മാത്രമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

Related Tags :
Similar Posts