10 വർഷംകൊണ്ട് രണ്ട് സംസ്ഥാനം ഭരിച്ചു, ഗുജറാത്തിൽ മികച്ച പ്രചാരണം നടത്തി: അരവിന്ദ് കെജരിവാൾ
|ഗുജറാത്തിൽ ആം ആദ്മി പാർട്ടി നാല് സീറ്റുകളിൽ വിജയിക്കുകയും ഒന്നിൽ ലീഡ് ചെയ്യുന്നുമുണ്ട്
ന്യൂഡൽഹി: ആംആദ്മി പാർട്ടിക്ക് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി അറിയിച്ച് പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ. 10 വർഷംകൊണ്ട് ആംആദ്മി രണ്ട് സംസ്ഥാനം ഭരിച്ചുവെന്നും ഗുജറാത്തിൽ മികച്ച പ്രചാരണം നടത്തിയെന്നും കെജരിവാൾ പറഞ്ഞു. ഗുജറാത്തിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാത്തത് ആംആദ്മിക്ക് തിരിച്ചടിയായി.
ബിജെപി ഗുജറാത്തിൽ തുടർച്ചയായ ഏഴാം തവണയും അധികാരം നിലനിർത്താൻ ഒരുങ്ങുകയാണ്. ആം ആദ്മി പാർട്ടി (എഎപി) നാല് സീറ്റുകളിൽ വിജയിക്കുകയും ഒന്നിൽ ലീഡ് ചെയ്യുന്നുമുണ്ട്. വോട്ട് വിഹിതം 13 ശതമാനത്തിലേക്ക് അടുത്തു. എ.എ.പിയെ ദേശീയ പാർട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കാനുള്ള സാധ്യതയും ഇതോടെ തെളിഞ്ഞു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഡൽഹിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യും. വൈകുന്നേരം ആറു മണിക്ക് ബി.ജെ.പി ആസ്ഥാനത്താണ് പരിപാടി. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ ബി.ജെ.പി മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അന്തിമ ഘട്ടത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ 30ൽ അധികം റാലികൾ സംഘടിപ്പിച്ചിരുന്നു. ബിജെപി ചരിത്ര വിജയത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ആദ്യ ഘട്ടത്തിൽ തന്നെ ബി.ജെ.പി 150 സീറ്റുകളിൽ മുന്നേറി. പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ പരാജയം ദയനീയമായിരിക്കും. 60 സീറ്റുകളുണ്ടായിരുന്ന കോൺഗ്രസിന് കേവലം 17 സീറ്റുകളിൽ മാത്രമേ മുന്നേറാനായുള്ളൂ.