India
ദേശീയ പാർട്ടിയാകാൻ ഒരുങ്ങി ആം ആദ്‌മി;  പാർട്ടിയുടെ നേട്ടവും മാനദണ്ഡങ്ങളും
India

ദേശീയ പാർട്ടിയാകാൻ ഒരുങ്ങി ആം ആദ്‌മി; പാർട്ടിയുടെ നേട്ടവും മാനദണ്ഡങ്ങളും

Web Desk
|
8 Dec 2022 2:36 PM GMT

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുവിഹിതം ആം ആദ്മിയെ ദേശീയ പാർട്ടിയാക്കി ഉയർത്തിയിരിക്കുകയാണ്

ന്യൂഡൽഹി: പതിറ്റാണ്ടുകളായി വേരുപിടിച്ചിരിക്കുന്ന ബിജെപി ഭരണത്തിന് അന്ത്യംകുറിക്കുമെന്ന് ആഹ്വനം ചെയ്തുകൊണ്ടാണ് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി ഗുജറാത്തിലെ തെരഞ്ഞെടുപ്പ് കളത്തിലിറങ്ങിയത്. എന്നാൽ, ഗുജറാത്തിൽ തുടർച്ചയായി 7 ആം തവണയും ചരിത്രവിജയം നേടിക്കൊണ്ട് ബിജെപി ഭരണം പിടിച്ചെടുത്തു. ഭരണം നേടാനായില്ലെങ്കിലും ഗുജറാത്ത് തിരഞ്ഞെടുപ്പ് എഎപിക്ക് നൽകിയ നേട്ടങ്ങൾ ചെറുതല്ല. എത്ര സീറ്റുകൾ നേടി എന്നതിനപ്പുറം ഗുജറാത്ത് എന്ന സംസ്ഥാനത്ത് എഎപിക്ക് ഉണ്ടാക്കാനായ സ്വാധീനം ഇന്ത്യൻ രാഷ്ട്രീയം ഉറ്റുനോക്കുകയാണ്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുവിഹിതം ആം ആദ്മിയെ ദേശീയ പാർട്ടിയാക്കി ഉയർത്തിയിരിക്കുകയാണ്. വിരലിലെണ്ണാവുന്ന പാർട്ടികൾക്ക് മാത്രമേ രാജ്യത്ത് ദേശീയ പദവി ലഭിച്ചിട്ടുള്ളൂ. ഇതിനിടെയിലേക്കാണ് ആം ആദ്മിയുടെ പേര് കൂടി കൂട്ടിച്ചേർക്കപ്പെടുന്നത്. ഗുജറാത്ത് നൽകിയ ആത്മവിശ്വാസം എത്രത്തോളമാണെന്ന് എഎപി നേതാക്കളുടെ വാക്കുകളിൽ വ്യക്തമാണ്.

'ബിജെപിയുടെ കോട്ടയിൽ വിള്ളലുണ്ടാക്കി 13 ശതമാനം വോട്ടുവിഹിതം ആം ആദ്മിക്ക് നേടാനായി. വോട്ടെണ്ണൽ പൂർത്തിയാകുമ്പോഴേക്കും വോട്ടുവിഹിതം ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷ. ഞങ്ങളിൽ വിശ്വാസം അർപ്പിച്ച ഗുജറാത്ത് ജനതക്ക് നന്ദി'; കെജ്‌രിവാൾ പറഞ്ഞത് ഇങ്ങനെ. ഒപ്പം പാർട്ടിയെ ദേശീയ പാർട്ടിയാക്കി ഉയർത്തിയവർക്ക് അഭിനന്ദനങ്ങളും കെജ്‌രിവാൾ അറിയിച്ചു.

ദേശീയ പദവി നേടാൻ ഗുജറാത്തിൽ വെറും ആറ് ശതമാനം വോട്ടുവിഹിതവും രണ്ടുസീറ്റുകളും മാത്രം മതി എഎപിക്ക്. ഇത് പാർട്ടി നേടി കഴിഞ്ഞു. പത്ത് വർഷത്തെ പരിശ്രമം കൊണ്ട് എഎപി നേടിയ ഈ നേട്ടം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ നിർണായകമാണ്. ദേശീയ പാർട്ടി പദവി ലഭിക്കാൻ ചില നിയമങ്ങളും മാനദണ്ഡങ്ങളുമുണ്ട്. ഇതനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു പാർട്ടിക്ക് ദേശീയ പദവി നൽകുന്നത്.

ദേശീയ പാർട്ടി എന്നാൽ...?

നാല് സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടി പദവി ലഭിക്കുകയാണ് ദേശീയ പദവി ലഭിക്കാൻ ഒരു പാർട്ടിയുടെ പ്രധാന മാനദണ്ഡം. ഈ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കുറഞ്ഞത് 6 ശതമാനം വോട്ടും 2 സീറ്റും നേടണം. പേര് പോലെ തന്നെ 'ദേശീയമായി' സാന്നിധ്യമുള്ള ഒരു പാർട്ടിയായിരിക്കണം.

കോൺഗ്രസും ബിജെപിയും ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ പാർട്ടികളാണ്. എന്നാൽ, കമ്യൂണിസ്റ്റ് പാർട്ടിയെ പോലെയുള്ള രാജ്യത്ത് ചെറിയ സ്വാധീനമുള്ള പാർട്ടികൾക്കും ദേശീയ പദവി നൽകിയിട്ടുണ്ട്. എന്നാൽ, തമിഴ്‌നാട്ടിലെ ഡിഎംകെ, ഒഡീഷയിലെ ബിജെഡി, ആന്ധ്രാപ്രദേശിലെ വൈഎസ്ആർസിപി, ബിഹാറിലെ ആർജെഡി, തെലങ്കാനയിലെ ടിആർഎസ് എന്നിങ്ങനെ പ്രധാന സംസ്ഥാനങ്ങളിൽ പ്രബലമായിട്ടും ചില പാർട്ടികൾ പ്രാദേശിക പാർട്ടികളായി തന്നെ തുടരുന്നുമുണ്ട്. ദേശീയ രാഷ്ട്രീയ സ്വാധീനം കണക്കിലെടുക്കുമ്പോൾ ഈ പാർട്ടികൾ പിന്നിലായതിനാലാണിത്.

ദേശീയ പാർട്ടിയെ നിർവചിക്കുന്നത് ഇങ്ങനെ

ഒരു പാർട്ടിയെ ദേശീയ പാർട്ടിയായി അംഗീകരിക്കുന്നതിനുള്ള സാങ്കേതിക മാനദണ്ഡം തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിട്ടുണ്ട്. ഈ വ്യവസ്ഥകൾ പൂർത്തീകരിക്കുന്നത് ആശ്രയിച്ച്, ഒരു പാർട്ടിക്ക് കാലാകാലങ്ങളിൽ ദേശീയ പാർട്ടി പദവി ലഭിക്കുകയോ നഷ്ടപ്പെടുകയോ ചെയ്യാം. തെരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും, 2019 കൈപ്പുസ്തകം അനുസരിച്ച്, ഈ മാനദണ്ഡങ്ങൾ പാലിച്ചാൽ ഒരു രാഷ്ട്രീയ പാർട്ടിയെ ദേശീയ പാർട്ടിയായി പരിഗണിക്കും:

  • നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ അംഗീകാരം
  • ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഏതെങ്കിലും നാലോ അതിലധികമോ സംസ്ഥാനങ്ങളിലെ മൊത്തം സാധുതയുള്ള വോട്ടിന്റെ 6% എങ്കിലും നേടുക. അവസാന ലോക്സഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞത് നാല് എംപിമാരെങ്കിലും ഉണ്ടായിരിക്കുക.
  • മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന് ലോക്‌സഭയിലെ മൊത്തം സീറ്റിന്റെ 2% എങ്കിലും നേടുക.

ഒരു ദേശീയ പാർട്ടിയാകുന്നതിനുള്ള പ്രധാന വ്യവസ്ഥകളിലൊന്ന് 4 സംസ്ഥാനങ്ങളിൽ ഒരു പ്രാദേശിക പാർട്ടിയുടെ പദവി നേടുക എന്നതാണ്. ഇതെങ്ങനെയാണ് ലഭിക്കുക?

സംസ്ഥാന പാർട്ടിയായി അംഗീകാരം ലഭിക്കാൻ

  • അവസാന നിയമസഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞത് 6% വോട്ടുവിഹിതവും കുറഞ്ഞത് 2 എംഎൽഎമാരെങ്കിലും ഉണ്ടായിരിക്കുക
  • അവസാന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആ സംസ്ഥാനത്ത് നിന്ന് 6% വോട്ട് വിഹിതവും ഒരു എംപിയെങ്കിലും ഉണ്ടായിരിക്കണം
  • കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മൊത്തം സീറ്റുകളുടെ 3% അല്ലെങ്കിൽ മൂന്ന് സീറ്റ്
  • ഓരോ 25 അംഗങ്ങൾക്കും കുറഞ്ഞത് ഒരു എംപി എങ്കിലുംഓരോ 25 അംഗങ്ങൾക്കും കുറഞ്ഞത് ഒരു എംപി എങ്കിലും
  • കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലോ ലോക്‌സഭാ തെരഞ്ഞെടുപ്പിലോ സംസ്ഥാനത്ത് നിന്നുള്ള മൊത്തം സാധുതയുള്ള വോട്ടിന്റെ 8% എങ്കിലും ഉണ്ടായിരിക്കണം.

എഎപിയുടെ നേട്ടം

പത്ത് വർഷത്തിനിടെ രണ്ട് സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിക്കാൻ ആം ആദ്മി പാർട്ടിക്ക് കഴിഞ്ഞു. ഡൽഹിയിലും പഞ്ചാബിലും വൻ ഭൂരിപക്ഷത്തിലും വോട്ടുവിഹിതം നേടിയുമാണ് എഎപി അധികാരത്തിലേറിയത്. കൂടാതെ മാർച്ചിൽ നടന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ 6.77% വോട്ടുവിഹിതവും എഎപി നേടി. ഗുജറാത്ത്-ഹിമാചൽ തിരഞ്ഞെടുപ്പ് കണക്കിലെടുക്കുമ്പോൾ മൂന്ന് സംസ്ഥാനങ്ങളിൽ ഒരു സംസ്ഥാന പാർട്ടിയായി അംഗീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എഎപി ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു.

ഹിമാചലിൽ വെറും ഒരു ശതമാനം വോട്ട് മാത്രമാണ് പാർട്ടിക്ക് നേടാനായതെങ്കിലും ഗുജറാത്തിൽ ലഭിച്ച 13 ശതമാനം വോട്ടുവിഹിതം മാത്രം മതി എഎപിക്ക് ദേശീയ പദവിയിലേക്ക് ഉയരാൻ. ഗുജറാത്തിലെ വോട്ടുവിഹിതം സംസ്ഥാന പാർട്ടിയായി അംഗീകരിക്കാൻ വേണ്ട മാനദണ്ഡങ്ങളെക്കാൾ ഇരട്ടിയാണ്.

2021ലെ സൂറത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ 28 ശതമാനം വോട്ട് വിഹിതമാണ് എഎപി നേടിയത്. രണ്ടാമത്തെ വലിയ പാർട്ടിയായി എഎപി കാഴ്ച വെച്ച മികച്ച പ്രകടനമായിരുന്നു ഇത്. ദേശീയ പാർട്ടിയായ കോൺഗ്രസിനെ പിന്തള്ളിക്കൊണ്ടായിരുന്നു ഈ നേട്ടം. ഡൽഹിക്കും പഞ്ചാബിനും പുറമേ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിലും എഎപി മികച്ച നേട്ടമാണ് സ്വന്തമാക്കിയത്. രണ്ട് സീറ്റുകളും 6.77 ശതമാനം വോട്ട് വിഹിതവുമാണ് എഎപി നേടിയത്.

Similar Posts