India
കെജ്‌രിവാളിന്റെ അറസ്റ്റ്;  ഡൽഹിയിൽ ഇന്ന് എഎപി ധർണ
India

കെജ്‌രിവാളിന്റെ അറസ്റ്റ്; ഡൽഹിയിൽ ഇന്ന് എഎപി ധർണ

Web Desk
|
7 April 2024 1:32 AM GMT

അറസ്റ്റിൽ വിവിധ പ്രതിഷേധ പരിപാടികൾ തുടരാനാണ് പാർട്ടി തീരുമാനം

ഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചുള്ള ആം ആദ്മി പാർട്ടിയുടെ ധർണ ഇന്ന്. രാവിലെ 11 മണി മുതൽ ഡൽഹി ജന്തർ മന്തറിലാണ് ധർണ. ആം ആദ്മിയുടെ മന്ത്രിമാർ, എം.എൽ.എമാർ,കൗൺസിലർമാർ നേതാക്കൾ ഉൾപ്പെടെ നിരവധിപ്പേർ പങ്കെടുക്കും. കെജ്രിവാളിന്റെ അറസ്റ്റിൽ വിവിധ പ്രതിഷേധ പരിപാടികൾ തുടരാനാണ് പാർട്ടി തീരുമാനം. കോടതി ഈ മാസം 15 വരെ റിമാൻറ് ചെയ്ത കെജ്‌രിവാൾ തിഹാർ ജയിലിലാണ് കഴിയുന്നത്.

ഇതിനിടെ കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതുതാൽപ്പര്യ ഹരജി ഡൽഹി ഹൈക്കോടതി തള്ളി. ജനാധിപത്യം അതിന്റെ വഴിക്ക് നീങ്ങട്ടെയെന്ന് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണോ എന്നത് കെജ്‌രിവാളിന്റെ തീരുമാനമാണ്. വ്യക്തിപരമായ താത്പര്യങ്ങൾ ദേശീയ താത്പര്യത്തിന് കീഴിലായിരിക്കുമെന്നും കോടതി ഓർമ്മിപ്പിച്ചു.ഹിന്ദു സേന പ്രസിഡന്റായ വിഷ്ണു ഗുപ്തയാണ് അരവിന്ദ് കെജ്‌രിവാനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ഹരജിക്കാരനായ വിഷ്ണു ഗുപ്ത ഹരജി പിൻവലിക്കുകയും ആവശ്യവുമായി ലെഫ്റ്റനന്റ് ഗവർണറെ സമീപിക്കും എന്നും വ്യക്തമാക്കി.

ഏപ്രിൽ 15 വരെ കെജ്‌രിവാൾ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരിക്കും. അതിനിടെ കഴിഞ്ഞദിവസം തിഹാർ ജയിലിൽനിന്ന് പുറത്തിറങ്ങിയ എ.എ.പി എം.പി സഞ്ജയ് സിങ് ഡൽഹിയിലെ ഹനുമാൻ മന്ദിറിലും, രാജ്ഘട്ടിലും സന്ദർശനം നടത്തി. ജയിലിൽ ഉള്ള നേതാക്കൾ ഉടൻ പുറത്തു വന്ന് പോരാട്ടത്തിന് നേതൃത്വം നൽകുമെന്നും സഞ്ജയ് സിങ് പറഞ്ഞു.

Similar Posts