India
മഹാരാഷ്ട്രയും ജാർഖണ്ഡും വഴികാണിച്ചു; സ്ത്രീ വോട്ടർമാരെ കയ്യിലെടുക്കാൻ എഎപി
India

മഹാരാഷ്ട്രയും ജാർഖണ്ഡും വഴികാണിച്ചു; സ്ത്രീ വോട്ടർമാരെ കയ്യിലെടുക്കാൻ എഎപി

Web Desk
|
28 Nov 2024 6:02 AM GMT

നികുതി അടയ്ക്കാത്ത 18നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് പ്രതിമാസം 1,000 രൂപ നിക്ഷേപിക്കുമെന്ന് ഡൽഹി സർക്കാർ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു

ന്യൂഡൽഹി: സ്ത്രീകളുടെ അക്കൗണ്ടിലേക്ക്‌ നേരിട്ട് പണം എത്തിക്കുന്ന പദ്ധതിയുമായി ഡല്‍ഹിയിലെ എഎപി സര്‍ക്കാരും. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി വേഗത്തിലാക്കാനാണ് സര്‍ക്കാറൊരുങ്ങുന്നത്. മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഭരണത്തുടർച്ച ഉറപ്പുവരുത്തിയത് ഇത്തരത്തിലുള്ള പദ്ധതികളായിരുന്നു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രചാരണ പരിപാടികൾ എഎപി ശക്തമാക്കുന്നത്.

ഭരണവിരുദ്ധ വികാരത്തിൽ തിളച്ച് മറഞ്ഞിരുന്ന മഹാരാഷ്ട്രയിൽ ലാഡ്കി ബാഹിൻ പദ്ധതി വമ്പൻ ട്വിസ്റ്റാണ് വരുത്തിയത്. 18നും 65നും ഇടയിൽ പ്രായമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് 1,500 രൂപ പ്രതിമാസം നല്‍കുന്നതാണിത്. ജാർഖണ്ഡിലെ മുഖ്യമന്ത്രി മയ്യ സമ്മാൻ പദ്ധതിയും സ്ത്രീകളുടെ കയ്യിലേക്ക് പ്രതിമാസം പണം എത്തുന്ന തരത്തിലായിരുന്നു. സമാനമായൊരു നീക്കത്തിനാണ് ഡൽഹി സർക്കാരും ഒരുങ്ങുന്നത്. നികുതി അടയ്ക്കാത്ത 18നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് പ്രതിമാസം 1,000 രൂപ നിക്ഷേപിക്കുമെന്ന് ഡൽഹി സർക്കാർ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജന എന്നായിരുന്നു പദ്ധതിയുടെ പേര്. ഇതിന്റെ ആദ്യ ഗഡു ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ എത്രയും വേഗം എത്തിക്കാനാണിപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡൽഹിയിലെ ആം ആദ്മി പാർട്ടിയുടെ ആറ് ക്ഷേമ പരിപാടികൾക്ക് പുറമേയാണ് മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജന. 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സബ്‌സിഡിയോടെയുള്ള ജലവിതരണം, മാതൃക സർക്കാർ സ്‌കൂളുകൾ, അയൽപക്കം ക്ലിനിക്കുകൾ, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, പ്രായമായവർക്കുള്ള തീർത്ഥാടന പദ്ധതികൾ തുടങ്ങിയവയാണ് മറ്റു പദ്ധതികള്‍.

2020ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വൻ വിജയം ഉറപ്പാക്കുന്നതിൽ സ്ത്രീകൾ നിർണായക പങ്കുവഹിച്ചിരുന്നു. അക്കാലത്തെ ലോക്നീതി-സിഎസ്ഡിഎസ് സർവേ പ്രകാരമായിരുന്നു പാര്‍ട്ടിയുടെ നിരീക്ഷണം. അതുകൊണ്ടാണ് നേരിട്ടുള്ള ക്യാഷ് ട്രാൻസ്ഫർ സ്കീമിലൂടെ കൂടുതല്‍ സ്ത്രീകളെ കയ്യിലെടുക്കാനുള്ള പാര്‍ട്ടിയുടെ പരിപാടി. ഇത് ഹിറ്റാവുമെന്ന് മഹാരാഷ്ട്രയും ജാര്‍ഖണ്ഡും തെളിയിച്ചെന്നാണ് എഎപി നേതാക്കള്‍ വ്യക്തമാക്കുന്നത്. ഇതോടൊപ്പം സ്ത്രീകളുടെ ദൈനംദിന ആശങ്കകള്‍ കൂടി പാർട്ടി അഭിസംബോധന ചെയ്യുന്നുണ്ട്.

മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് നേതാക്കളുടെ അറസ്റ്റും ജയിൽവാസവും ആപ്പിനെ കുഴക്കിയിട്ടുണ്ട്. അതിനാൽ ശക്തമായൊരു തിരിച്ചുവരവിനാണ് പാർട്ടി ആഗ്രഹിക്കുന്നത്. അതേസമയം 'ഫിര്‍ ലായേംഗേ കെജ്‌രിവാൾ'( ഞങ്ങൾ കെജ്‌രിവാളിനെ തിരികെ കൊണ്ടുവരും) എന്ന പോസ്റ്ററുകളുമായും എഎപി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Similar Posts