ഏകീകൃത സിവിൽകോഡ്: "എതിർക്കാൻ കോൺഗ്രസ് ഇല്ല, സിപിഎമ്മിന്റെ നിലപാട് വിശ്വസിക്കാൻ കഴിയില്ല"
|പ്രത്യേക താല്പര്യങ്ങൾ ഉള്ളതിനാലാണ് സിപിഎം ഇങ്ങനെയൊരു നിലപാടെടുത്തതെന്നും മുസ്‌ലിം ലീഗ് എംപി പറഞ്ഞു.
ഡൽഹി: ഏകീകൃത സിവിൽകോഡ് ബില്ലിനെ എതിർക്കാൻ കോൺഗ്രസ് രാജ്യസഭയിൽ ഉണ്ടാകാത്തതിനെ എതിർക്കാൻ കോൺഗ്രസ് അംഗങ്ങൾ ഇല്ലായിരുന്നു. ഇത് തനിക്ക് വിഷമമുണ്ടാക്കിയെന്നും അബ്ദുൽ വഹാബ് എംപി പറഞ്ഞു. ബില്ലിനോടുള്ള സിപിഎം നിലപാട് വിശ്വസിക്കാൻ കഴിയില്ലെന്നും പ്രത്യേക താല്പര്യങ്ങൾ ഉള്ളതിനാലാണ് സിപിഎം ഇങ്ങനെയൊരു നിലപാടെടുത്തതെന്നും മുസ്‌ലിം ലീഗ് എംപി പറഞ്ഞു.
ഏകീകൃത സിവിൽകോഡ് സ്വകാര്യ ബില്ലായി രാജസ്ഥാനിൽ നിന്നുള്ള ബിജെപി എംപി കിരോദി ലാൽ മീണയാണ് രാജ്യസഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ ബഹളം വകവെക്കാതെയാണ് കിരോദി ലാൽ മീണ ബിൽ അവതരിപ്പിച്ചത്.
ബിൽ രാജ്യത്തിന് ഗുണകരമല്ലെന്ന് മുസ്‌ലിം ലീഗ് കുറ്റപ്പെടുത്തി. ബിൽ വർഗീയ ദ്രുവീകരണത്തിന് ഇടയാക്കുമെന്നായിരുന്നു സിപിഎം നിലപാട്. സഭയിൽ ബിൽ അവതരണത്തിനായി ബിജെപി എംപി അനുമതി തേടിയപ്പോൾ തന്നെ പ്രതിപക്ഷം കനത്ത പ്രതിഷേധം ഉയർത്തിയിരുന്നു. സിപിഎം, മുസ്ലിം ലീഗ്, തൃണമൂൽ കോൺഗ്രസ് നേതാക്കൾ ബില്ലിനെ എതിർത്തുകൊണ്ട് രംഗത്തെത്തി. കോൺഗ്രസ് അംഗങ്ങൾ സഭയിലില്ലെന്ന് അബ്ദുൽ വഹാബ് എംപി ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ജെബി മേത്തര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയിലെത്തി. ഇവരും ബില്ലിനെ രൂക്ഷമായി എതിർക്കുകയാണുണ്ടായത്.
ബില്‍ അവതരണത്തിന് ശബ്ദ വോട്ട് വഴിയാണ് അനുമതി ലഭിച്ചത്. വിഷയത്തിൽ വോട്ടെടുപ്പ് വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ 23 പേർ മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്. 63 പേർ അനുകൂലിച്ചപ്പോൾ കിരോദി ലാൽ മീണ ബിൽ അവതരിപ്പിക്കുകയായിരുന്നു.