കർഷകർക്ക് പിന്തുണ നൽകി രാജിവച്ച അഭയ് ചൗതാലയ്ക്ക് ജയം; ബിജെപിക്ക് തിരിച്ചടി
|കോൺഗ്രസിന് കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു
ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവാദ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് എംഎൽഎ സ്ഥാനം രാജിവച്ച ഐഎൻഎൽഡി നേതാവ് അഭയ് ചൗതാലയ്ക്ക് ഉപതെരഞ്ഞെടുപ്പിൽ വിജയം. ഹരിയാന സർക്കാറിനുള്ള പിന്തുണ പിൻവലിച്ചാണ് സിര്‍സ ജില്ലയിലെ എല്ലനാബാദ് മണ്ഡലത്തിലെ എംഎൽഎ സ്ഥാനം അദ്ദേഹം രാജിവച്ചിരുന്നത്. 6739 വോട്ടുകൾക്കാണ് ചൗതാലയുടെ ജയം.
കോൺഗ്രസ് സ്ഥാനാർത്ഥി പവൻ ബെനിവാളിന് മൂന്നാം സ്ഥാനമേ നേടാനായുള്ളൂ. ബിജെപിയുടെ ഗോപിനാഥ് കന്ദയാണ് രണ്ടാമതെത്തിയത്. ചൗതാല 65992 വോട്ടുനേടിയപ്പോൾ കന്ദയ്ക്ക് 59253 വോട്ടു കിട്ടി. 20904 വോട്ടു മാത്രമേ ബെനിവാളിന് നേടാനായുള്ളൂ. മൊത്തം 19 സ്ഥാനാർത്ഥികളാണ് എല്ലനാബാദിൽ മത്സരരംഗത്തുണ്ടായിരുന്നത്.
ചൗതാല വിജയിച്ചെങ്കിലും ബിജെപിക്ക് മണ്ഡലത്തിൽ വോട്ടുകൂടിയെന്നത് കൗതുകമായി. മുൻ തെരഞ്ഞെടുപ്പിൽ 45000 വോട്ടുകിട്ടിയ ഭരണകക്ഷിക്ക് ഇത്തവണ പത്തായിരത്തിലേറെ വോട്ടാണ് കൂടുതൽ ലഭിച്ചത്. കോൺഗ്രസിന് കെട്ടിവച്ച കാശ് നഷ്ടപ്പെടുകയും ചെയ്തു.