ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടി നേരിടുമെന്ന് ലോക് പോൾ സര്‍വെ
|ദക്ഷിണേന്ത്യയിൽ നിലവിലെ സീറ്റുകൾ നഷ്ടമാകും
ഡല്‍ഹി:ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടി നേരിടുമെന്ന് പ്രമുഖ തെരഞ്ഞെടുപ്പ് സർവെ ഏജൻസിയായ ലോക് പോൾ. ഹിന്ദി ഹൃദയഭൂമിയിൽ പ്രതീക്ഷിച്ച വിജയം ബി.ജെ.പിക്ക് ഉണ്ടാവില്ല. ദക്ഷിണേന്ത്യയിൽ നിലവിലെ സീറ്റുകൾ നഷ്ടമാകും. 4 സംസ്ഥാനങ്ങളിലെ സർവെ ഫലങ്ങൾ ലോക് പോൾ പുറത്തുവിട്ടു.
ഉത്തരേന്ത്യയിൽ നഷ്ടപ്പെടുന്നത് ദക്ഷിണേന്ത്യയിൽ പിടിക്കുക എന്ന ബി.ജെ.പി ന്ത്രത്തിന് തിരിച്ചടി നേരിടുമെന്നാണ് സർവെ വ്യക്തമാക്കുന്നത്. രണ്ടിടത്തും സീറ്റുകളിൽ കുറവുണ്ടാകും. ഉത്തർപ്രദേശിൽ എന്‍ഡിഎ 69 സീറ്റുകൾ വരെ നേടുമ്പോൾ ഇന്‍ഡ്യ സഖ്യത്തിന് 10 ഉം ബിഎസ്പി നാല് വരെയും സീറ്റുകൾ കിട്ടാം. എൻഡിഎ പാളയത്തിലേക്ക് തിരിച്ചെത്തിയ നിതീഷ് കുമാറിന്റെ ബിഹാറിൽ എൻഡിഎ വലിയ നേട്ടം ഉണ്ടാക്കില്ല. എന്‍ഡിഎക്ക് 25 സീറ്റ് വരെ നേടാനാവൂ. ഇന്‍ഡ്യ മുന്നണി 16 സീറ്റുകൾ വരെ പിടിക്കാം.
പശ്ചിമ ബംഗാളിൽ തൃണമൂൽ 28 സീറ്റ് വരെ നേടുമ്പോൾ ബി.ജെ.പിക്ക് 13 സീറ്റ് വരെ കിട്ടും. കോൺഗ്രസിന് നാലു സീറ്റാണ് സർവെ പറയുന്നത്. വടക്ക് കിഴക്കാൻ സംസ്ഥാനങ്ങളിൽ എട്ടു സീറ്റാണ് ബി.ജെ.പിക്ക് സർവെ പറയുന്നത്. ഇൻഡ്യ നാലു സീറ്റ് വരെ നേടും. തമിഴ്നാട്ടിൽ ബി.ജെ.പിയുടെ സ്വപ്നങ്ങൾ തകരുമെന്ന് സർവെ പറയുന്നു. ആകെയുള്ള 39 സീറ്റുകളും ഇൻഡ്യ നേടും.
കർണാടകയിലും ബിജെപിക്ക് സീറ്റുകൾ കുറയുമെന്ന് സർവെ പ്രവചിക്കുന്നു. ഇന്‍ഡ്യ 17 സീറ്റ് വരെ നേടുമ്പോൾ എന്‍ഡിഎക്ക് 13 സീറ്റുകളേ നേടാനാവൂ എന്നാണ് സർവെ ഫലം. കഴിഞ്ഞ ദിവസം പുറത്തുവന്ന ബി.ജെ.പിയുടെ ആഭ്യന്തര സർവെയിലും ചില സംസ്ഥാനങ്ങളിൽ തിരിച്ചടി നേരിടുമെന്ന് വ്യക്തമായിരുന്നു.