'ശുദ്ധ അസംബന്ധം': ലഡാക്കിലെ പാംഗോങ് തടാകത്തിലൂടെ കാർ ഓടിച്ച സഞ്ചാരികൾക്കെതിരെ പൊട്ടിത്തെറിച്ച് സോഷ്യൽ മീഡിയ
|വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ മനോഹാരിത ഇല്ലാതാക്കുന്ന ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം
ഇന്ത്യയിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ലഡാക്. ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന ഇടം കൂടിയാണിത്. എന്നാൽ ചിലരുടെ നിരുത്തരവാദപരമായ പെരുമാറ്റം പല വിനോദ സഞ്ചാരകേന്ദ്രങ്ങളുടെയും മനോഹാരിതയെ തകർക്കാറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
മൂന്ന് വിനോദസഞ്ചാരികൾ തങ്ങളുടെ എസ്.യു.വി കാർ പാംഗോങ് തടാകത്തിലൂടെ ഓടിച്ചുകയറ്റുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ജിഗ്മത് ലഡാക്കി എന്ന വ്യക്തിയാണ് ലഡാക്കിലെ പാംഗോങ് തടാകത്തിലൂടെ വിനോദസഞ്ചാരികൾ കാർ ഓടിക്കുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.
'ഞാൻ ലജ്ജാകരമായ മറ്റൊരു വീഡിയോ പങ്കിടുന്നു. നിരുത്തരവാദപരമായ ഇത്തരം വിനോദസഞ്ചാരികൾ ലഡാക്കിനെ കൊല്ലുകയാണ്. നിനക്കറിയാമോ? ലഡാക്കിൽ 350-ലധികം പക്ഷികൾ ഉണ്ട്, പാങ്കോങ് പോലുള്ള തടാകങ്ങൾ നിരവധി പക്ഷികളുടെ ആവാസ കേന്ദ്രമാണ്. ഇത്തരമൊരു പ്രവൃത്തി നിരവധി പക്ഷികളുടെ ആവാസവ്യവസ്ഥയെ അപകടത്തിലാക്കിയേക്കാം'; എന്ന അടികുറിപ്പോടെയാണ് ആ വീഡിയോ പങ്കുവെച്ചത്. വീഡിയോ ആദ്യം പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം പേജിന്റെ ലിങ്കും അദ്ദേഹം നൽകിയിട്ടുണ്ട്. എന്നാൽ വീഡിയോ ഇപ്പോൾ ആ പേജിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. മടക്കാവുന്ന മേശയും കസേരയും തടാകത്തിൽ തന്നെ സ്ഥാപിച്ചിരിക്കുന്നതും അതിന് മുകളിൽ മദ്യക്കുപ്പികളും വെള്ളവും ചിപ്സ് പാക്കറ്റുകളുമെല്ലാം വീഡിയോയിൽ കാണാം. ലഡാക്കിൽ വച്ചാണ് വീഡിയോ പകർത്തിയതെന്ന് ഉറപ്പാണെങ്കിലും ഇത് എന്ന് നടന്നതാണ് എന്ന് കണ്ടെത്താനായിട്ടില്ല.
എന്ന് നടന്നതാണെങ്കിലും അങ്ങേയറ്റം അസംബന്ധവും ശിക്ഷ ലഭിക്കേണ്ട കുറ്റമാണെന്നും ഇവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് ആ വീഡിയോ പങ്കുവെച്ചത്. 'ബഹുമാനപ്പെട്ട മന്ത്രി, വിനോദസഞ്ചാരികൾ എന്ന് വിളിക്കപ്പെടുന്നവരുടെ ഈ നാണംകെട്ട പെരുമാറ്റം ശിക്ഷിക്കപ്പെടാതെ പോകരുത്. അല്ലെങ്കിൽ, അത് പ്രകൃതി സൗന്ദര്യത്തെ നശിപ്പിക്കും' എന്നായിരുന്നു ഒരാൾ ഈ വീഡിയോ പങ്കുവെച്ച് എഴുതിയത്.
'പരിസ്ഥിതി ആരുടെയും സ്വത്തല്ല, അത് നശിപ്പിക്കാൻ ആർക്കും അവകാശമില്ല. അത് സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്' എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. ഏതായാലും ഇത്തരത്തിലുള്ള സഞ്ചാരികളെ ലഡാക്കിലേക്ക് കടത്തിവിടരുതെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് നടക്കുന്നത്.
ലഡാക്കിന്റെ കിഴക്കൻ സെക്ടറിൽ 14,100 അടി ഉയരത്തില്‍ ലേയിൽ നിന്ന് 150 കിലോമീറ്റർ അകലെ ചംഗ്ല ചുരത്തിന് കുറുകെയാണ് പാംഗോങ് തടാകം സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലുതും മനോഹരവുമായ പ്രകൃതിദത്തമായ ഉപ്പുവെള്ള തടാകങ്ങളിൽ ഒന്ന് കൂടിയാണ് ഇത്.