ചോക്ലേറ്റുകള്‍ കൊണ്ടുപോകുന്നതിന് എസി കോച്ചുകൾ; പുതിയ പരീക്ഷണവുമായി ഇന്ത്യന്‍ റെയില്‍വേ
|ഗോവയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട എസി പാര്‍സല്‍ എക്സ്പ്രസ് ട്രെയിനിലെ 18 എസി കോച്ചുകളിലാണ് 163 ടണ്‍ ഭാരം വരുന്ന ചോക്ലേറ്റുകളും ന്യൂഡില്‍സുകളും നിറച്ചത്
ഇന്ത്യയിലാദ്യമായി ചോക്ലേറ്റുകള്‍ കൊണ്ടുപോകുന്നതിന് നിഷ്‌ക്രിയ എസി കോച്ചുകൾ ഉപയോഗിച്ച് ദക്ഷിണ റെയില്‍വേയുടെ ഹുബാലി ഡിവിഷൻ. നിയന്ത്രിതവും കുറഞ്ഞ താപനില ആവശ്യമുള്ളതുമായ ഭക്ഷ്യ ഉല്‍പന്നങ്ങളാണ് വെള്ളിയാഴ്ച ഗോവയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള പാര്‍സല്‍ എക്സ്പ്രസ് ട്രെയിനില്‍ കൊണ്ടു പോയത്.
ഒക്ടോബര്‍ എട്ടിന് ഗോവയിലെ വാസ്കോഡഗാമയില്‍ നിന്നും ഡല്‍ഹിയിലെ ഒഖ്ലയിലേക്ക് പുറപ്പെട്ട എസി പാര്‍സല്‍ എക്സ്പ്രസ് ട്രെയിനിലെ 18 എസി കോച്ചുകളിലാണ് 163 ടണ്‍ ഭാരം വരുന്ന ചോക്ലേറ്റുകളും ന്യൂഡില്‍സുകളും നിറച്ചത്. എവിജി ലോജിസ്റ്റിക്സിന്‍റെ ചരക്കുകളാണിത്. 2115 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ട്രെയിന്‍ ശനിയാഴ്ച ഡല്‍ഹിയിലെത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. 12.38 ലക്ഷം രൂപയാണ് ഇതിലൂടെ റെയില്‍വേയ്ക്ക് ലഭിക്കുന്ന വരുമാനം.
ഹുബാലി ഡിവിഷന്‍റെ ബിസിനസ് ഡലവപ്മെന്‍റ് യൂണിറ്റിന്‍റെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുടെ ഭാഗമായാണ് പുതിയ പരീക്ഷണം. വേഗതയേറിയതും ചെലവ് കുറഞ്ഞതുമായ ചരക്കുനീക്കത്തിനു ഉപഭോക്താക്കള്‍ക്ക് റെയില്‍വേയെ സജീവമായി ഉപയോഗിക്കാമെന്ന് ഹുബാലി ഡിവിഷന്‍ റെയില്‍വേ മാനേജര്‍ അരവിന്ദ് മാല്‍ക്കഡെ പറഞ്ഞു. 2021 സെപ്തംബറില്‍ ഡിവിഷന്‍റെ ചരക്കു വരുമാനം 1.58 കോടി രൂപയായിരുന്നു.