'വംശശുദ്ധിയില്ലെന്ന് ആരോപിച്ച് പീഡിപ്പിക്കപ്പെട്ടവരുടെ ഭയാനക ചരിത്രം മുമ്പിലുണ്ട്'; ഇന്ത്യക്കാരുടെ വംശശുദ്ധി പരിശോധിക്കുന്ന പദ്ധതിക്കെതിരെ അക്കാദമിക രംഗം
|സമൂഹം ഇന്ന് നിരവധി പൂർവ്വ സമുദായങ്ങളുടെ ഒരു സമ്മിശ്ര സമൂഹമാണ്. വംശ വിശുദ്ധി പഠിക്കുന്നത് ഇന്ത്യൻ സമൂഹത്തിൽ അസ്വാരസ്യങ്ങളല്ലാതെ ഒന്നും സൃഷ്ടിക്കുകയില്ല -കത്തിൽ മുന്നറിയിപ്പ് നൽകി
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ ധനസഹായത്തോടെ ഇന്ത്യക്കാരുടെ വംശശുദ്ധി (Racial Purity) പരിശോധിക്കാനുള്ള പദ്ധതി നടപ്പാക്കുന്നതിനെ വിമർശിച്ച് അക്കാദമിക രംഗം. ഇന്ത്യൻ ജനസംഖ്യയിലെ വിവിധ വിഭാഗങ്ങളുടെ ഡിഎൻഎയിലെ ജനിതക വ്യതിയാനങ്ങളും സാമ്യതകളും പഠിക്കുന്ന പദ്ധതിക്കെതിരെ ജീവശാസ്ത്രജ്ഞന്മാർ, ചരിത്രാകരന്മാർ, നരവംശശാസ്ത്രജ്ഞന്മാർ, ബുദ്ധിജീവികൾ എന്നിവരുടെ 122 പേരടങ്ങുന്ന സംഘം മന്ത്രാലയത്തിന് സംയുക്തമായി കത്തെഴുതി.
'ശുദ്ധി' എന്ന ആശയം അർത്ഥശൂന്യമാണെന്നും ചില ഗ്രൂപ്പുകൾ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ ശുദ്ധമാണെന്നും മറ്റു ചിലത് വിശുദ്ധി കുറഞ്ഞവയാണെന്നും പലരും മുമ്പേ വാദിക്കാറുണ്ടെന്നും വംശവിശുദ്ധിയുള്ളവരെന്ന് അവകാശപ്പെട്ടവർ 'വിശുദ്ധി കുറഞ്ഞ'വർക്കെതിരെ നടത്തിയ ഭയാനക അനീതിയുടെ, ആനുകൂല്യ നിഷേധത്തിന്റെ, പീഡനത്തിന്റെ ഉദാഹരണങ്ങളാൽ മനുഷ്യചരിത്രം നിറഞ്ഞിരിക്കുന്നുവെന്നും ഇവർ കത്തിൽ ചൂണ്ടിക്കാട്ടി. മനുഷ്യരുടെ വംശീയ ചാപ്പകുത്തൽ നിരാകരിക്കപ്പെട്ടതാണെന്നും ഇന്ത്യയിൽ ഈ ആശയം പുനരുജ്ജീവിപ്പിക്കാൻ ഒരു ശ്രമവും ഉണ്ടാകരുതെന്നും കത്തിൽ ആവശ്യപ്പെട്ടു. പദ്ധതി അപകടകരവും അസംബന്ധവുമാണെന്നും വംശങ്ങൾ എന്ന കാര്യം തന്നെ വർഷങ്ങൾക്ക് മുമ്പേ നിരാകരിക്കപ്പെട്ടതാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
അസ്ഥി ഘടന, നിറം, മത-വിശ്വാസ സാമൂഹിക ഘടന എന്നീ പ്രത്യക്ഷ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യനെ വർഗീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വംശം (Race) എന്നും കത്തിൽ വ്യക്തമാക്കി. മനുഷ്യരെല്ലാവരും ഒരേ ജീൻപൂളിൽ നിന്നുള്ളവരാണെന്നും മിക്ക ജനിതക വ്യതിയാനങ്ങളും പ്രഖ്യാപിത വംശങ്ങൾക്കകത്താണ് നടക്കുന്നതെന്നും വംശങ്ങൾക്കിടയിലല്ലെന്നും കത്തിൽ പറഞ്ഞു. തുടർ പഠനങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും ഓർമിപ്പിച്ചു.
സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ആന്ത്രോപോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന മനുഷ്യ ജനസംഖ്യാ ജനിതക ശാസ്ത്രജ്ഞരും നരവംശശാസ്ത്രജ്ഞരും നിരവധി പതിറ്റാണ്ടുകളായി ഇന്ത്യയിലുള്ള വിവിധ ഗോത്ര സമൂഹങ്ങളിൽ നിന്ന് ശേഖരിച്ച വ്യക്തികളുടെ ഡിഎൻഎ വിശകലനം നടത്തിയിട്ടുണ്ട്. സമൂഹം ഇന്ന് നിരവധി പൂർവ്വ സമുദായങ്ങളുടെ ഒരു സമ്മിശ്ര സമൂഹമാണ്. വംശ വിശുദ്ധി പഠിക്കുന്നത് ഇന്ത്യൻ സമൂഹത്തിൽ അസ്വാരസ്യങ്ങളല്ലാതെ ഒന്നും സൃഷ്ടിക്കുകയില്ല -കത്തിൽ മുന്നറിയിപ്പ് നൽകി.
ബംഗളൂരു ഹ്യൂമൺ ജെനിറ്റിക്സ് കേന്ദ്രത്തിലെ വിദ്യാനന്ദ് നഞ്ചുണ്ടയ്യ, ഹരിയാന അശോക സർവകലാശാലയിലെ എൽ.എസ് ശശീന്ദ്ര, ചരിത്രകാരനും ഗ്രന്ഥകാരനുമായ രാമചന്ദ്ര ഗുഹ, ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ രാഘവേന്ദ്ര ഗാഡാകർ, ബംഗളൂരു ഇൻറനാഷണൽ സെൻറർ ഫോർ തിയററ്റിക്കൽ സയൻസിലെ രാമാ ഗോവിന്ദരാജൻ തുടങ്ങിയവരാണ് ഇന്ത്യൻ ജനസംഖ്യയിലെ വിവിധ വിഭാഗങ്ങളുടെ ഡിഎൻഎയിലെ ജനിതക വ്യതിയാനങ്ങളും സാമ്യതകളും പഠിക്കുന്ന പദ്ധതിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.
ആന്ത്രപോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ലഖ്നൗ ആസ്ഥാനമായുള്ള ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ സയൻസസ്(ബി.എസ്.ഐ.പി), പ്രമുഖ നരവംശ ശാസ്ത്രജ്ഞൻ വസന്ത് ഷിൻഡെ എന്നിവർ ചേർന്ന് കഴിഞ്ഞ മാസമാണ് പദ്ധതി പ്രഖ്യാപിച്ചിരുന്നത്. ജനിതക ചരിത്രം സ്ഥാപിക്കാനും ഇന്ത്യയിലെ വംശങ്ങളുടെ പരിശുദ്ധി കണ്ടെത്താനുമാണെന്നും കഴിഞ്ഞ 10,000 വർഷത്തെ ഇന്ത്യൻ ജനസംഖ്യയിലെ ജനിതക പരിവർത്തനത്തിന്റെയും സങ്കലനത്തിന്റെ പ്രക്രിയ പഠിക്കാനുമാണ് പദ്ധതിയെന്നും ഷിൻഡെ പറഞ്ഞിരുന്നു.
നിലവിൽ ബംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രഫസറായ ഷിൻഡെ ഹരിയാന രത്നഗിരിയിലെ ഹാരപ്പൻ അസ്ഥികൂടങ്ങളെ കുറിച്ചുള്ള പഠനത്തിന് നേതൃത്വം നൽകിയിരുന്നു. പുതിയ പദ്ധതിയെ കുറിച്ച് വിവാദമുണ്ടായിതിനെ തുടർന്ന് തന്റെ പ്രസ്താവന വളച്ചൊടിച്ചെന്ന് അദ്ദേഹം വിമർശിച്ചിരുന്നു. പദ്ധതി വംശങ്ങളുടെ ജനിതക ചരിത്രം പഠിക്കാനുള്ളതല്ലെന്നും വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും സാംസ്കാരിക മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു.
Academic experts against the plan to check Racial Purity of Indians