തെറ്റായ യു-ടേൺ എടുത്ത ട്രക്ക് കാറിലിടിച്ച് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു
|ട്രക്ക് കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു
ജയ്പൂർ: രാജസ്ഥാനിലെ ഡൽഹി-മുംബൈ എക്സ്പ്രസ്‌വേയിൽ തെറ്റായ യു-ടേൺ എടുത്ത ട്രക്കിൽ കാർ ഇടിച്ചുകയറി ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു. അപകടത്തിൽ രണ്ട് കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. ട്രക്ക് ഡ്രൈവർ ഒളിവിലാണ്. സവായ് മധോപൂർ ജില്ലയിലെ ബനാസ് നദി പാലത്തിന് സമീപം ഞായറാഴ്ചയാണ് അപകടം നടന്നത്.
സി.സി.ടി.വി ദൃശ്യങ്ങളിൽ ട്രക്ക് ഡ്രൈവറുടെ അശ്രദ്ധ വ്യക്തമാണ്. നേരെ പോവുകയായിരുന്ന ട്രക്ക് യാതൊരുവിധ സൂചനയുമില്ലാതെ യു-ടേൺ എടുത്തപ്പോൾ പുറകിൽ വന്ന കാർ ട്രക്കിൽ ഇടിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ട്രക്ക് കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മനീഷ് ശർമ, അനിത ശർമ, സതീഷ് ശർമ, പൂനം, സന്തോഷ്, കൈലാഷ് എന്നിവരാണ് മരണപ്പെട്ടത്. സികാർ ജില്ലയിൽ നിന്ന് രന്തംബോറിലെ ത്രിനേത്ര ഗണേശ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു ഇവർ.
പരിക്കേറ്റ രണ്ട് കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അഡീഷണൽ എസ്.പി ദിനേശ് കുമാർ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ വഴി പ്രതിയായ ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ അനുശോചനം രേഖപ്പെടുത്തി.