India
Act Against Evildoers BJP MLA Distributes Swords Among Girls In Bihar
India

'ദുഷ്ടന്മാരുടെ കൈ വെട്ടണം'; വിജയദശമി ദിനത്തിൽ പെൺകുട്ടികൾക്ക് വാൾ വിതരണം ചെയ്ത് ബിജെപി എംഎൽഎ

Web Desk
|
13 Oct 2024 5:55 AM GMT

'നമ്മുടെ സഹോദരിമാർക്കെതിരെ ദുരുദ്ദേശ്യം വച്ചുപുലർത്തുന്ന എല്ലാവരെയും നശിപ്പിക്കണം'- കുമാർ പറഞ്ഞു

പട്ന: വിജയദശമി ആഘോഷത്തിനിടെ പെൺകുട്ടികൾക്ക് വാൾ വിതരണം ചെയ്ത് ബിജെപി എംഎൽഎ. ബിഹാറിലെ സിതാമർഹി ജില്ലയിൽ ശനിയാഴ്ച നടന്ന പരിപാടിക്കിടെയാണ് എംഎൽഎ മിഥിലേഷ് കുമാർ വാളുകൾ നൽകിയത്. ആരെങ്കിലും ദേഹത്ത് മോശമായി സ്പർശിച്ചാൽ അവരുടെ കൈ വെട്ടണം എന്നാവശ്യപ്പെട്ടാണ് എംഎൽഎയുടെ നടപടി.

'ഏതെങ്കിലും ദുഷ്ടൻ നമ്മുടെ സഹോദരിമാരെ തൊടാൻ തുനിഞ്ഞാൽ, ഈ വാളുകൊണ്ട് അവൻ്റെ കൈ വെട്ടണം'- സീതാമർഹിയിലെ കപ്രോൾ റോഡിലെ പൂജാ പന്തലുകളിലൊന്നിൽ സമ്മേളനത്തെ അഭിസംബോധന ചെയ്ത് മിഥിലേഷ് കുമാർ പറഞ്ഞു.

'അത്തരക്കാരുടെ കൈകൾ വെട്ടാൻ നമ്മുടെ സഹോദരിമാരെ പ്രാപ്തരാക്കണം. ആവശ്യമെങ്കിൽ ഞാനും നിങ്ങളും ഇത് ചെയ്യണം. നമ്മുടെ സഹോദരിമാർക്കെതിരെ ദുരുദ്ദേശ്യം വച്ചുപുലർത്തുന്ന എല്ലാ ദുഷ്പ്രവൃത്തിക്കാരെയും നശിപ്പിക്കണം'- കുമാർ പറഞ്ഞു.

തൻ്റെ തീരുമാനത്തെ പിന്തുണയ്ക്കാൻ ജനങ്ങളോട് അഭ്യർഥിച്ച സീതാമർഹി ബിജെപി എംഎൽഎ, തിന്മകൾക്കെതിരെ പ്രവർത്തിക്കാൻ ആളുകളെ, പ്രത്യേകിച്ച് സ്ത്രീകളോട് ആവശ്യപ്പെടുകയും ചെയ്തു. സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കാണ് വാളുകൾ വിതരണം ചെയ്തത്.

നവരാത്രി ആ​ഘോഷത്തിന്റെ ഭാ​ഗമായി നിരവധി ദുർഗാപൂജ പന്തലുകൾ സന്ദർശിക്കുകയും വാളുകൾ വിതരണം ചെയ്ത ചെയ്ത മിഥിലേഷ് കുമാർ, നിരവധി തോക്കുകളും വാളുകളും മറ്റ് ആയുധങ്ങളും വേദിയിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

Similar Posts