ഹോസ്റ്റൽ വാർഡനെ സ്ഥലം മാറ്റി; ചണ്ഡിഗഢ് സർവകലാശാലയിൽ വിദ്യാർഥികൾ സമരം അവസാനിപ്പിച്ചു
|ഈ മാസം 24 വരെ ക്ലാസുകൾ നിർത്തിവെച്ചു
ചണ്ഡിഗഢ്: ചണ്ഡിഗഢ് സർവകലാശാലയിലെ വനിതാഹോസ്റ്റലിൽ പെൺകുട്ടികളുടെ ശുചിമുറിദൃശ്യങ്ങളടക്കം പ്രചരിപ്പിച്ച സംഭവത്തിൽ ഹോസ്റ്റൽ വാർഡനെ സ്ഥലം മാറ്റി. വിദ്യാർഥികളുടെ ആവശ്യങ്ങൾ പരിശോധിക്കാമെന്ന് പൊലീസും സർവകലാശാല അധികൃതരും ഉറപ്പ് നൽകി.ഇതോടെ വിദ്യാർഥികൾ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. ഈ മാസം 24 വരെ ക്ലാസുകൾ നിർത്തിവെച്ചു.
ഒളിക്യാമറ വിവാദത്തിൽ അറസ്റ്റിലായ വിദ്യാർഥിനിയുടെ മൊബൈൽ ഫോൺ ഇന്ന് ശാസ്ത്രീയ പരിശോധനക്കയക്കും. മറ്റു വിദ്യാർഥിനികളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തി എന്ന ആരോപണത്തിന്റെ നിജസ്ഥിതി ശാസ്ത്രീയ പരിശോധനയിലൂടെ പുറത്ത് വരും എന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ മറ്റുള്ളവരുടെ ദൃശ്യങ്ങൾ പകർത്തിയിട്ടില്ല എന്നാണ് പൊലീസും സർവകലാശാലാ അധികൃതരും പറയുന്നത്. ശുചിമുറി ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് ശനിയാഴ്ച രാത്രി സർവകലാശാലയിൽ വിദ്യാർഥികൾ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.
ചണ്ഡിഗഢ് സർവകലാശാലയിലെ വനിതാ ഹോസ്റ്റലിലെ ദൃശ്യങ്ങളാണ് ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ ചോർന്നത്. ഹോസ്റ്റിലെ ഒരു പെൺകുട്ടിയാണ് കൂടെ താമസിക്കുന്ന കുട്ടിയുടെ സ്വകാര്യ വീഡിയോകൾ പകർത്തി പ്രചരിപ്പിച്ചത്. ശുചിമുറിയിലെ ദൃശ്യങ്ങളടക്കം ചോർന്നിട്ടുണ്ട്.
എന്നാൽ പ്രതിഷേധത്തിനെത്തിയ വിദ്യാർഥികൾ കാമ്പസിൽ ആത്മഹത്യാഭീഷണി മുഴക്കിയതായും റിപ്പോർട്ടുകൾ പൊലീസും കോളേജ് അധികൃതരും തള്ളിക്കളഞ്ഞു. ഇത്തരത്തിൽ ആത്മഹത്യ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മൊഹാലി പൊലീസ് മേധാവി വിവേക് സോണി പറഞ്ഞതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തിരുന്നു. വീഡിയോ ചോർന്നതിന്റെ പേരിൽ നിരവധി പെൺകുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ സർവകലാശാലയും തള്ളിക്കളഞ്ഞു.