ബ്രാന്‍ഡഡ് ടീ ഷര്‍ട്ടും സണ്‍ഗ്ലാസ് ധരിച്ച് ബെല്ലാരി ജയിലിലേക്ക് പോകുന്ന ദര്‍ശന്‍; പൊലീസുകാരനെതിരെ നടപടി
|സണ്‍ഗ്ലാസ് മുഖത്തുവയ്ക്കാതെ ടീ ഷര്‍ട്ടിനു പുറത്ത് ഹാങ് ചെയ്തിരിക്കുകയാണ്
ബെംഗളൂരു: ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന കന്നഡ നടന്‍ ദര്‍ശന്‍ തൊഗുദീപക്ക് അഴിക്കുള്ളില്‍ വിഐപി പരിഗണന ലഭിക്കുന്നതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഈയിടെ പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ ഏഴ് ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ ബെല്ലാരി ജയിലിലേക്ക് മാറ്റാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ദര്‍ശന്‍റെ ജയില്‍മാറ്റവും വിവാദമായിരിക്കുകയാണ്. താരത്തെ ബെംഗളൂരുവിൽ നിന്ന് ബല്ലാരി ജയിലിലേക്ക് കൊണ്ടുവരുമ്പോൾ സൺഗ്ലാസ് ധരിച്ചെന്ന ആരോപണത്തെ തുടർന്ന് ദർശന്‍റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുകയാണ്.
ബ്രാന്‍ഡഡ് ടീ ഷര്‍ട്ടും നീല ജീന്‍സും ധരിച്ച് ബെല്ലാരി ജയിലിലേക്ക് പ്രവേശിക്കുന്ന ദര്‍ശന്‍റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സണ്‍ഗ്ലാസ് മുഖത്തുവയ്ക്കാതെ ടീ ഷര്‍ട്ടിനു പുറത്ത് ഹാങ് ചെയ്തിരിക്കുകയാണ്. എന്നാല്‍ ദര്‍ശന്‍റെ ദർശൻ്റെ 'സൺഗ്ലാസ്' പവർ ഗ്ലാസാണെന്നും വിചാരണ തടവുകാർക്കും കണ്ണിന് പ്രശ്‌നമുള്ള കുറ്റവാളികൾക്കും ഈ കണ്ണട ധരിക്കാൻ അനുവാദമുണ്ടെന്നും ഇത് കുറ്റകരമല്ലെന്നും ബല്ലാരി പൊലീസ് വൃത്തങ്ങൾ പറഞ്ഞു.നടന് സൺഗ്ലാസിനോട് സാമ്യമുള്ള കൂളിംഗ് ഗ്ലാസുകൾ ധരിക്കാമെന്ന് ജയിൽ നോട്ടീസിൽ പറഞ്ഞിരുന്നെങ്കിലും ഇത് ദർശൻ്റെ പവർ ക്ലാസാണെന്ന് പൊലീസ് വ്യക്തമാക്കിയതായി വൃത്തങ്ങൾ പറയുന്നു.
ജയിലിലെ വീഡിയോ കോണ്‍ഫറന്‍സ് ഹാളിന് പിന്നില്‍ കൂട്ടുപ്രതികള്‍ക്കൊപ്പം വിശ്രമിക്കുന്ന ദര്‍ശന്‍റെ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഒരു കയ്യില്‍ ചായയും സിഗരറ്റുമായി ഇരിക്കുന്ന ദര്‍ശനാണ് ദൃശ്യങ്ങളിലുള്ളത്. കൂടാതെ, ജയിലിൽ നിന്ന് വീഡിയോ കോളിലൂടെ ദർശൻ ആരോടോ സംസാരിക്കുന്നതിൻ്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ദര്‍ശന് വിഐപി പരിഗണന ലഭിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബെംഗളൂരു പൊലീസ് മൂന്നു സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.
ചിത്രദുർഗയിൽ ഓട്ടോറിക്ഷാ ഡ്രൈവറായ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ജൂൺ 11നാണ് ദർശൻ അറസ്റ്റിലായത്. ദര്‍ശന്‍റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് സോഷ്യൽ മീഡിയയിൽ അധിക്ഷേപകരമായ സന്ദേശങ്ങൾ അയച്ചുവെന്നാരോപിച്ചാണ് ദർശൻ്റെ നിർദ്ദേശപ്രകാരം ജൂൺ 9 ന് രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തിയത്. ദർശന് ആക്രമണത്തിൽ നേരിട്ട് പങ്കുള്ളതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അതേസമയം ദര്‍ശന്‍റെയും പവിത്രയുടെയും ജുഡീഷ്യല്‍ കസ്റ്റഡി സെപ്തംബര്‍ 9വരെ നീട്ടിയിട്ടുണ്ട്.