'ഓപറേഷന് മിഡ്നൈറ്റ്': പോപുലര്‍ ഫ്രണ്ടിനെതിരെ ആസൂത്രണം തുടങ്ങിയത് നാല് മാസം മുന്‍പ്
|നിലവിൽ എൻ.ഐ.എ പോപുലർ ഫ്രണ്ടുമായി ബന്ധമുള്ള 19 കേസുകളാണ് അന്വേഷിക്കുന്നത്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഐ.എൻ.എസ് വിക്രാന്ത് കമീഷൻ ചെയ്യാന്‍ കൊച്ചിയിൽ എത്തിയപ്പോൾ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള സംഘം പോപുലർ ഫ്രണ്ടിനെതിരായ നടപടികള്‍ ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് 'മാധ്യമം' റിപ്പോര്‍ട്ട് ചെയ്യുന്നു. നടപടിക്ക് മുന്നോടിയായി അദ്ദേഹം കേരള പൊലീസിലെ ഉന്നതരുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഭീകരതയ്ക്ക് പണമെത്തിക്കൽ, ഭീകരപ്രവർത്തനം, സായുധ പരിശീലനത്തിന് ക്യാമ്പ് നടത്തൽ, നിരോധിത സംഘടനകളിലേക്ക് ആളുകളെ ആകർഷിക്കൽ തുടങ്ങിയ അഞ്ചു കേസുകളിലാണ് പോപുലർ ഫ്രണ്ടിനും അതിന്റെ നേതാക്കൾക്കുമെതിരായ നടപടി. 106 പേരെ അറസ്റ്റു ചെയ്തു. എൻ.ഐ.എ മാത്രം 45 പേരെയാണ് അറസ്റ്റു ചെയ്തത്.
നിലവിൽ എൻ.ഐ.എ പോപുലർ ഫ്രണ്ടുമായി ബന്ധമുള്ള 19 കേസുകളാണ് അന്വേഷിക്കുന്നത്. കേരളത്തിൽ നിന്ന് 19ഉം തമിഴ്നാട്ടിൽ നിന്ന് 11ഉം കർണാടകയില്‍ നിന്ന് ഏഴും ആന്ധ്രയില്‍ നിന്ന് നാലും രാജസ്ഥാനില്‍ നിന്ന് രണ്ടും യു.പി, തെലങ്കാന എന്നിവിടങ്ങളിൽനിന്ന് ഓരോരുത്തരെയുമാണ് എൻ.ഐ.എ പിടികൂടിയത്.
ആഭ്യന്തര മന്ത്രാലയം പോപുലർ ഫ്രണ്ടിനെതിരായ നടപടികള്‍ക്കായി സെപ്തംബർ 19ന് എൻ.ഐ.എ, ഇ.ഡി, ഇന്റലിജൻസ് ബ്യൂറോ ഉന്നതരുടെ പ്രത്യേക യോഗം വിളിച്ചിരുന്നുവെന്ന് 'ഇന്ത്യ ടുഡേ' റിപ്പോർട്ട് ചെയ്തു. എല്ലാം അതീവ രഹസ്യമായിരുന്നു. തുടര്‍ന്നാണ് 'ഓപറേഷൻ മിഡ്നൈറ്റ്' നടത്തിയത്. ഇതിനായി ആറ് കൺട്രോൾ റൂമുകൾ സജ്ജീകരിച്ചു. നാല് ഐ.ജിമാരും 16 എസ്.പിമാരും ഉൾപ്പെടെ 200 എൻ.ഐ.എ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. 150ലേറെ മൊബൈൽ ഫോണുകൾ, 50ലധികം ലാപ്ടോപ്പുകൾ, തുടങ്ങിയവ പിടിച്ചെടുത്തു.