India
ഒമിക്രോണിന് ഡെൽറ്റയേക്കാൾ മൂന്നിരട്ടി വ്യാപനശേഷി; നേരിടാനൊരുങ്ങണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
India

ഒമിക്രോണിന് ഡെൽറ്റയേക്കാൾ മൂന്നിരട്ടി വ്യാപനശേഷി; നേരിടാനൊരുങ്ങണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

Web Desk
|
21 Dec 2021 4:41 PM GMT

രോഗവ്യാപനം തടയാൻ വാർ റൂമുകൾ സജീവമാക്കണമെന്നാണ് നിര്‍ദേശം

ഒമിക്രോണിന് ഡെൽറ്റ വകഭേദത്തേക്കാൾ മൂന്നിരട്ടി വ്യാപനശേഷിയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗവ്യാപനം തടയാൻ വാർ റൂമുകൾ സജീവമാക്കണമെന്നാണ് നിര്‍ദേശം. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആണ് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

പ്രാദേശികമായ സാഹചര്യങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പരിഗണിച്ച് ഒമിക്രോണിനെ നേരിടാന്‍ സജ്ജമാകണമെന്നാണ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അപകടകരമായ നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കാമെന്ന ദീർഘവീക്ഷണത്തോടെ തദ്ദേശ സ്ഥാപനങ്ങളിലും ജില്ലകളിലും കർശന തയ്യാറെടുപ്പുകൾ നടത്തണം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഡെൽറ്റ വകഭേദത്തിന്‍റെ സാന്നിധ്യം ഇപ്പോഴുമുണ്ട്. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ജില്ലാതലങ്ങളിലും കരുതലോടെ വേഗത്തില്‍ തീരുമാനങ്ങളെടുക്കണം.

ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തില്‍ കൂടുതലാണെങ്കിലും ആശുപത്രികളില്‍ 40 ശതമാനം ബെഡുകളില്‍ രോഗികള്‍ പ്രവേശിപ്പിക്കപ്പെട്ടാലും പ്രത്യേക ശ്രദ്ധ വേണം. രാത്രി കർഫ്യൂ, വലിയ ആൾക്കൂട്ടങ്ങൾക്ക് നിയന്ത്രണം, ഓഫിസുകളിലും പൊതുഗതാഗത സംവിധാനങ്ങളിലും ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം തുടങ്ങിയവ ആവശ്യമായി വന്നാല്‍ ഏര്‍പ്പെടുത്തണം. ആശുപത്രികളില്‍ കിടക്കകൾ, ആംബുലൻസുകൾ, ഓക്സിജൻ, മരുന്നുകൾ എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കണം.

വാക്സിൻ വിതരണം എത്രയും പെട്ടെന്ന് 100 ശതമാനമാക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. സമ്പർക്ക പട്ടികയിലുള്ള എല്ലാവരെയും കണ്ടെത്താനും ഒമിക്രോണ്‍ സാമ്പിള്‍ പരിശോധന ഉറപ്പാക്കാനും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.

Related Tags :
Similar Posts