India
Defamation case against Delhi Governor: Medha Patkars sentence stayed, latest indian news ഡൽഹി ​ഗവർണർക്കെതിരായ മാനനഷ്ട കേസ്: മേധാ പട്കറിന്റെ ശിക്ഷയ്ക്ക് സ്റ്റേ
India

23 വർഷം മുമ്പുള്ള മാനനഷ്ടക്കേസിൽ സാമൂഹികപ്രവർത്തക മേധാ പട്കറിന് അഞ്ച് മാസം തടവ്

Web Desk
|
1 July 2024 12:29 PM GMT

ഡൽഹി ലഫ്റ്റനന്റ് ​ഗവർണർ വി.കെ സക്സേന നൽകിയ മാനനഷ്ടക്കേസിലാണ് മേധാ പട്കറിന് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.

ന്യൂഡൽഹി: രണ്ടരപ്പതിറ്റാണ്ട് മുമ്പുള്ള കേസിൽ സാമൂഹിക പ്രവർത്തക മേധാ പട്കറിന് ജയിൽ ശിക്ഷ വിധിച്ച് ഡൽഹി കോടതി. ഡൽഹി ലഫ്റ്റനന്റ് ​ഗവർണർ വി.കെ സക്സേന ഒരു എൻജിഒയുടെ തലവനായിരിക്കെ 23 വർഷം മുമ്പ് നൽകിയ മാനനഷ്ടക്കേസിലാണ് മേധാ പട്കറിന് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.

സക്സേനയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഡൽഹി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ജഡ്ജ് രാഘവ് ശർമ ഉത്തരവിട്ടു. കേസിൽ കഴിഞ്ഞ മെയ് 24ന് മേധാ പട്കർ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് കേസ് വിധി പറയാൻ മാറ്റിവയ്ക്കുകയായിരുന്നു.

തനിക്കും നർമദാ ബച്ചാവോ ആന്ദോളനും എതിരെ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിന് സക്‌സേനയ്‌ക്കെതിരെ മേധാ പട്കർ കേസ് ഫയൽ ചെയ്തിരുന്നു. ഇതിനു പിന്നാലെ 2021ലാണ് മേധയ്ക്കെതിരെ സക്സേന മാനനഷ്ടക്കേസ് നൽകുന്നത്.

ഒരു ടിവി ചാനലിൽ തനിക്കെതിരെ മേധാ പട്കർ അപകീർത്തികരമായ പരാമർശം നടത്തിയെന്നും അപമാനകരമായ പത്രക്കുറിപ്പ് ഇറക്കിയെന്നും ആരോപിച്ച് രണ്ട് കേസുകളാണ് സക്സേന ഫയൽ ചെയ്തത്. അന്ന് അഹമ്മദാബാദ് ആസ്ഥാനമായുള്ള എൻജിഒ ആയ നാഷണൽ കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസിൻ്റെ തലവനായിരുന്നു സക്‌സേന.

സക്‌സേനയെ 'ഭീരു' എന്ന് വിളിക്കുകയും ഹവാല ഇടപാടുകളിൽ പങ്കുണ്ടെന്ന് ആരോപിക്കുകയും ചെയ്‌ത മേധാ പട്‌കറിൻ്റെ പ്രസ്താവനകൾ അപകീർത്തികരം മാത്രമല്ല, അദ്ദേഹത്തെ കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും കൂടിയാണെന്ന് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു. 69കാരിയായ മേധാ പട്കറിന് അവരുടെ പ്രായവും ആരോഗ്യവും കണക്കിലെടുത്ത് കഠിനമായ തടവ് ശിക്ഷ നൽകുന്നില്ലെന്നും ഉത്തരവ് പുറപ്പെടുവിച്ച് കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, ഉത്തരവിനെതിരെ മേധാ പട്കറിന് അപ്പീൽ നൽകാനുള്ള സാവകാശം പരി​ഗണിച്ച് ശിക്ഷ നടപ്പാക്കുന്നത് കോടതി ഒരു മാസത്തേക്ക് താൽക്കാലികമായി തടഞ്ഞിട്ടുണ്ട്.

Similar Posts