India
ബിൽകീസ് ​​ബാനുവിന് ഐക്യദാർഢ്യം; മാർച്ചിന് തൊട്ടുമുമ്പ് ആക്ടിവിസ്റ്റ് സന്ദീപ് പാണ്ഡെയടക്കം നാല് പേർ അറസ്റ്റിൽ
India

ബിൽകീസ് ​​ബാനുവിന് ഐക്യദാർഢ്യം; മാർച്ചിന് തൊട്ടുമുമ്പ് ആക്ടിവിസ്റ്റ് സന്ദീപ് പാണ്ഡെയടക്കം നാല് പേർ അറസ്റ്റിൽ

Web Desk
|
26 Sep 2022 1:01 PM GMT

ഇന്ന് നടത്താനിരുന്ന കാൽനട മാർച്ചിന് മുന്നോടിയായാണ് രമൺ മഗ്‌സസെ അവാർഡ് ജേതാവ് കൂടിയായ സന്ദീപ് പാണ്ഡെ അടക്കമുള്ളവർക്കെതിരായ പൊലീസ് നടപടി.

ഗോധ്ര: ഗുജറാത്ത് കലാപത്തിനിടെ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാവുകയും പ്രതികളെ സർക്കാർ വിട്ടയച്ചതിന് സാക്ഷിയാവേണ്ടി വരികയും ചെയ്ത ബിൽകീസ് ​​ബാനുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രം​ഗത്തെത്തിയ ആക്ടിവിസ്റ്റടക്കം നാലു പേരെ അറസ്റ്റ് ചെയ്ത് ​പൊലീസ്. ഐക്യദാർഢ്യം അറിയിച്ച് കാൽനട മാർച്ച് നടത്താനിരുന്ന സാമൂഹിക പ്രവർത്തകനായ സന്ദീപ് പാണ്ഡെയെയും മറ്റ് മൂന്ന് പേരെയുമാണ് ​ഗോധ്ര പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് നടത്താനിരുന്ന കാൽനട മാർച്ചിന് മുന്നോടിയായാണ് രമൺ മഗ്‌സസെ അവാർഡ് ജേതാവ് കൂടിയായ സന്ദീപ് പാണ്ഡെ അടക്കമുള്ളവർക്കെതിരായ പൊലീസ് നടപടി. 'ഹിന്ദു- മുസ്‌ലിം ഏകതാ സമിതി'യുടെ നേതൃത്വത്തിൽ 'ബിൽക്കീസ് ബാനുവിനോട് മാപ്പ് പറയുന്നു' എന്ന ശീർഷകത്തിൽ നടത്താനിരുന്ന കാൽനട ജാഥയ്ക്ക് മുമ്പാണ് അറസ്റ്റുണ്ടായത്. ജാഥ ബിൽകീസ് ബാനുവിന്റെ സ്ഥലമായ ദാഹോദ് ജില്ലയിലെ രൺധിക്പൂരിൽ നിന്ന് പുറപ്പെടാനായിരുന്നു പദ്ധതി. ഒക്ടോബർ നാലിന് അഹമ്മദാബാദിലായിരുന്നു സമാപനം തീരുമാനിച്ചിരുന്നത്.

എന്നാൽ, ഞായറാഴ്ച രാത്രി 10.30ഓടെ ഗോധ്രയിൽ നിന്ന് സന്ദീപ് പാണ്ഡെയെയും മറ്റ് മൂന്ന് പേരെയും ​ഗുജറാത്ത് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അവർ ഇപ്പോഴും തടങ്കലിലാണെന്ന് ബി-ഡിവിഷൻ പൊലീസ് സ്റ്റേഷൻ ഓഫീസർ പറഞ്ഞു. അതേസമയം, പൊലീസ് നടപടിയെ ഹിന്ദു- മുസ്‌ലിം ഏകതാ സമിതി അപലപിച്ചു.

ബിൽകീസിനോ‌ട് ക്ഷമ ചോദിക്കാൻ മാത്രമേ ഞങ്ങൾ ആഗ്രഹിക്കുന്നുള്ളൂവെന്നും സമാധാനപരമായ സംസ്ഥാനമായ ഗുജറാത്തിൽ ഇത്തരം ഹീനമായ പ്രവൃത്തികൾ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നുവെന്നും സംഘടന പ്രസ്താവനയിൽ പറഞ്ഞു. ബിൽകീസ് ബാനുവിനെ കൂട്ടബലാത്സം​ഗം ചെയ്യുകയും മൂന്ന് മാസം പ്രായമായ മകളടക്കം ഏഴ് കുടുംബാം​ഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ കഴിഞ്ഞ ആഗസ്റ്റ് 15നാണ് ഗുജറാത്ത് സർക്കാർ വിട്ടയച്ചത്.

2002 മാർച്ച് മൂന്നിനാണ് ദാഹോദ് ലിംഖേഡ താലൂക്കിലെ രന്ധിക്പൂർ ഗ്രാമത്തിൽ വച്ച് ബിൽകീസ് ബാനുവിനേയും കുടുംബത്തേയും കലാപകാരികൾ ആക്രമിച്ചത്. അന്ന് അഞ്ച് മാസം ​ഗർഭിണിയായിരുന്നു ബാനു. ബിൽകീസ് ​​ബാനുവിനെ കൂട്ടബലാത്സംഗം ചെയ്തതിനും കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തിയതിനും 2008 ജനുവരി 21ന് മുംബൈയിലെ പ്രത്യേക സിബിഐ കോടതി 11 പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ചു.

ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതി ശരിവച്ചു. ഗോധ്ര സബ് ജയിലിൽ ജീവപര്യന്തം തടവ് അനുഭവിച്ചു വരവെ പ്രതികളിൽ ഒരാൾ സമർപ്പിച്ച ഹരജി പരി​ഗണിച്ച സുപ്രിംകോടതി വിഷയത്തിൽ തീരുമാനമെടുക്കാൻ ​ഗുജറാത്ത് സർക്കാരിന് നിർദേശം നൽകി. തുടർന്നാണ് 11 പ്രതികളേയും ​ഗുജരാത്ത് ബിജെപി സർക്കാർ വിട്ടയച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് നിലനിൽക്കുന്നത്.

Similar Posts