ചെസ് ഒളിമ്പ്യാഡ് പോസ്റ്ററിലെ മോദിയുടെ ചിത്രത്തിൽ കറുത്ത പെയിന്റടിച്ചു; മൂന്ന് പേർ അറസ്റ്റിൽ
|ഒളിമ്പ്യാഡിന്‍റെ പ്രചാരണത്തിലെവിടെയും പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്താത്തതിനെ ചൊല്ലി വലിയ രാഷ്ട്രീയപോരാണ് തമിഴ്നാട്ടില്‍ നടക്കുന്നത്
ചെന്നൈ: തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് നടക്കുന്ന 44-ാമത് ചെസ് ഒളിമ്പ്യാഡ് പോസ്റ്ററിൽ ബിജെപി പ്രവർത്തകർ ഒട്ടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിന് മുകളിൽ കറുത്ത പെയിന്റ് അടിച്ച മൂന്ന് പേർ അറസ്റ്റിൽ. തന്തൈ പെരിയാർ ദ്രാവിഡർ കഴകത്തിന്റെ മൂന്ന് പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചെസ് ഒളിമ്പ്യാഡിന്‍റെ പ്രചാരണത്തിലെവിടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉൾപ്പെടുത്താത്തതിനെ ചൊല്ലി വലിയ വിവാദമാണ് അരങ്ങേറുന്നത്.
ചെസ് ഒളിമ്പ്യാഡിന്റെ സംസ്ഥാന സർക്കാർ പ്രചാരണത്തിന്റെ ഭാഗമായി കോട്ടൂർപുരത്ത് സ്ഥാപിച്ച പരസ്യബോർഡുകളിൽ മോദിയുടെ ചിത്രം ഉൾപ്പെടുത്തിയിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച ബിജെപിയുടെ കായിക നൈപുണ്യ വികസന സെൽ അംഗങ്ങളാണ് പോസ്റ്ററിൽ മോദിയുടെ ചിത്രം ഒട്ടിച്ചത്. ഇത് വലിയ വിവാദമായിരുന്നു. മണിക്കൂറുകൾക്ക് ശേഷം ടിപിഡികെ പ്രവർത്തകർ മോദിയുടെ ചിത്രത്തിൽ കറുത്ത സ്‌പ്രേ പെയിന്റ് അടിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
ഇന്ന് വൈകിട്ട് ആറുമണിക്ക് ചെസ് ഒളിംപ്യാഡ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പുതിയ സംഭവം. ചെന്നൈ ജവഹർലാൽ നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിലാണ് ഒളിംപ്യാഡ് ഉദ്ഘാടന പരിപാടികൾ നടക്കുന്നത്.
മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ചിത്രങ്ങൾ മാത്രം പതിപ്പിച്ച പോസ്റ്ററുകൾക്കും ബോർഡുകൾക്കും എതിരെ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.