കൊല്ലുന്നതിനു മുന്‍പ് രേണുകസ്വാമിയെ ഷോക്കടിപ്പിച്ചതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
|രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദർശനും നടി പവിത്ര ഗൗഡയും ഉൾപ്പെടെ 17 പേരെയാണ് അറസ്റ്റ് ചെയ്തത്
ബെംഗളൂരു: കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്‍ പ്രതിയായ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട രേണുകസ്വാമിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. കൊലപാതകത്തിനു മുന്‍പ് രേണുകസ്വാമിക്ക് വൈദ്യുതാഘാതമേറ്റിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദർശനും നടി പവിത്ര ഗൗഡയും ഉൾപ്പെടെ 17 പേരെയാണ് അറസ്റ്റ് ചെയ്തത്.
ഈയിടെ അറസ്റ്റിലായ മാണ്ഡ്യയിൽ നിന്നുള്ള കേബിൾ തൊഴിലാളിയായ ധനരാജാണ് പീഡനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.മറ്റൊരു പ്രതിയായ നന്ദിഷ് ബംഗളൂരുവിലെ ഒരു ഗോഡൗണിലേക്ക് ധനരാജിനെ വിളിച്ചുവരുത്തി, അവിടെ രേണുകസ്വാമിയെ പീഡിപ്പിക്കാന്‍ ഇലക്ട്രിക്കൽ മെഗ്ഗർ ഉപയോഗിക്കാൻ പദ്ധതിയിട്ടിരുന്നു.പൊലീസ് ഈ ഉപകരണം കണ്ടെത്തിയിട്ടുണ്ട്. പവിത്ര ഗൗഡക്ക് രേണുകസ്വാമി അശ്ലീല സന്ദേശങ്ങളയച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ജൂണ്‍ 9നാണ് ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമിയുടെ മൃതദേഹം സുമനഹള്ളി പാലത്തിന് സമീപമുള്ള അഴുക്കുചാലില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദര്‍ശനടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. ജൂണ്‍ 17 വരെയാണ് ദര്‍ശനെയും മറ്റ് പ്രതികളെയും കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.ദർശൻ സഞ്ചരിച്ചിരുന്ന ജീപ്പ് ഉൾപ്പെടെ കൊലപാതകത്തിന് ഉപയോഗിച്ച കാറുകൾ ബെംഗളൂരു പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. രേണുകസ്വാമി മരിച്ച വിവരമറിഞ്ഞ ദര്‍ശന്‍ കൂട്ടാളികള്‍ക്ക് 30 ലക്ഷം രൂപ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. പണം കൈമാറിയതിന് ശേഷമാണ് പ്രതികളായ കാർത്തിക്കും സംഘവും മൃതദേഹം സംസ്‌കരിക്കാനും പൊലീസിന് മുന്നിൽ കീഴടങ്ങാനും സമ്മതിച്ചതെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. പവിത്രയാണ് കേസിലെ മുഖ്യപ്രതി, ദര്‍ശന്‍ രണ്ടാം പ്രതിയാണ്.