India
200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസ്;  ജാക്വിലിൻ ഫെർണാണ്ടസിന് ജാമ്യം
India

200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസ്; ജാക്വിലിൻ ഫെർണാണ്ടസിന് ജാമ്യം

Web Desk
|
15 Nov 2022 2:35 PM GMT

50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും തുല്യ തുകയ്ക്കുള്ള ആള്‍ ജാമ്യത്തിലുമാണ് പട്യാല ഹൗസ് കോടതിയിലെ പ്രത്യേക ജഡ്ജി ശൈലേന്ദ്ര മാലിക് ജാമ്യം നല്‍കിയത്

ഡല്‍ഹി: 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും തുല്യ തുകയ്ക്കുള്ള ആള്‍ ജാമ്യത്തിലുമാണ് പട്യാല ഹൗസ് കോടതിയിലെ പ്രത്യേക ജഡ്ജി ശൈലേന്ദ്ര മാലിക് ജാമ്യം നല്‍കിയത്.

നേരത്തെ ജാക്വിലിന് ഇടക്കാല ജാമ്യം നല്‍കിയിരുന്നു. നവംബര്‍ 10 വരെ പിന്നീട് ഈ ജാമ്യം നീട്ടിയിരുന്നു. അന്വേഷണം പൂർത്തിയാവുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തതിനാൽ കസ്റ്റഡിയുടെ ആവശ്യമില്ലെന്ന് കാണിച്ചാണ് നടി ജാമ്യാപേക്ഷ നൽകിയത്. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് സമർപ്പിച്ച അനുബന്ധ കുറ്റപത്രം ആഗസ്ത് 31ന് അംഗീകരിച്ച കോടതി ഫെർണാണ്ടസിനോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.

കേസില്‍ മറ്റുപ്രതികള്‍ അറസ്റ്റിലായിട്ടും എന്തുകൊണ്ടാണ് നടിയെ അറസ്റ്റ് ചെയ്യാത്തതെന്ന് ഇ.ഡിയോട് കഴിഞ്ഞ തവണ ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു. ഇടക്കാല ജാമ്യം നീട്ടിയതിനെതിരെയും ഇ.ഡി രംഗത്തുവന്നിരുന്നു. അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യ വിടാൻ ജാക്വിലിൻ ശ്രമിച്ചിരുന്നു. എന്നാൽ, ലുക്ക് ഔട്ട് സർക്കുലർ (എൽഒസി) പുറപ്പെടുവിച്ചതിനാൽ നടിക്ക് രാജ്യംവിടാൻ സാധിച്ചില്ലെന്ന് ഇഡി പറഞ്ഞു. അന്വേഷണവുമായി ഒരിക്കൽ പോലും ജാക്വിലിൻ സഹകരിച്ചിരുന്നില്ല. തെളിവുകൾ ലഭിച്ചപ്പോൾ മാത്രമാണ് വെളിപ്പെടുത്തലുകൾ നടത്താൻ നടി തയ്യാറായതെന്ന് ഇഡി പറഞ്ഞു. തെളിവുകൾ നശിപ്പിക്കാനും ജാക്വിലിൻ ശ്രമിച്ചിരുന്നുവെന്നും ഇ.ഡി വ്യക്തമാക്കിയിരുന്നു.

സുകേഷ് ചന്ദ്രശേഖര്‍ പ്രതിയായ കേസില്‍ എട്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ഇ.ഡി ജാക്വിലിനെ പ്രതി ചേര്‍ത്ത് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. തട്ടിയെടുത്ത പണത്തിന്‍റെ ഗുണഭോക്താവ് ജാക്വിലിനാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. 52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പേർഷ്യൻ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങളാണ് നടിക്ക് സുകേഷ് നൽകിയത്. ഏപ്രിലില്‍ നടിയുടെ ഏഴു കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിരുന്നു. കേസിൽ 36 കാരിയും ശ്രീലങ്കൻ പൗരയുമായ നടിയെ കേസിൽ ഇ.ഡി പലവട്ടം ചോദ്യം ചെയ്തിരുന്നു.

Similar Posts