'ചന്ദ്രനിൽ നിന്നുള്ള ആദ്യ ചിത്രം'; ചായ അടിക്കുന്നയാളുടെ ചിത്രം പങ്കുവെച്ച് പ്രകാശ് രാജ്, ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചെന്ന് വിമർശനം
|ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തെയാണ് നടൻ പരിഹസിച്ചതെന്നാണ് ചിലരുടെ കമന്റ്
ന്യൂഡൽഹി: ചന്ദ്രയാൻ മൂന്ന് ദൗത്യം വിജയത്തിലേക്കടുക്കുന്നതിന്റെ ആഹ്ളാദത്തിലാണ് രാജ്യം മുഴുവൻ. ലാൻഡറിലെ കാമറ പകർത്തിയ ചന്ദ്രോപരിതലത്തിന്റെ കൂടുതൽ ചിത്രവും ഐ.എസ്.ആർ.ഒ പുറത്തുവിട്ടിരുന്നു.
കഴിഞ്ഞദിവസം ചന്ദ്രയാൻ 3 ന്റെ ദൗത്യവുമായി ബന്ധപ്പെടുത്തി നടൻ പ്രകാശ് രാജ് ലുങ്കിയുടത്ത ഒരാൾ ചായയടിക്കുന്ന കാർട്ടൂൺ എക്സിൽ പങ്കുവെച്ചിരുന്നു.' ബ്രേക്കിങ് ന്യൂസ്, വിക്രം ലാൻഡർ എടുത്ത ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. എന്നാൽ ഇതിനെതിരെ വലിയ വിമർശനമാണ് സോഷ്യൽമീഡിയയിൽ നിന്നും ഉയരുന്നത്.
രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചെന്നാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന വിമർശനം. ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തെയാണ് നടൻ പരിഹസിച്ചതെന്നാണ് ചിലരുടെ കമന്റ്. ചന്ദ്രയാൻ 3 ഇന്ത്യയുടെ അഭിമാനമാണെന്നും അന്ധമായ വിദ്വേഷത്തിനുള്ള ഉപകരണമല്ലെന്നും ചിലർ ട്വീറ്റ് ചെയ്തു. മോദിയോടും ബി.ജെ.പിയോടുള്ളമുള്ള അന്ധമായ വിരോധത്തിന്റെ പേരിൽ ഐ.എസ്.ആർ.ഒ പരിഹസിക്കരുതെന്നും ഇത് ബി.ജെ.പിയുടെ മിഷനല്ലെന്നും ചിലർ ഓർമിച്ചു. ചിലരാകട്ടെ രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട ട്രോളുകളും ട്വീറ്റ് താഴെ കമന്റായി പങ്കുവെക്കുന്നുണ്ട്. അതേസമയം,കുറച്ച് ആളുകള്‍ പ്രകാശ് രാജിനെ പിന്തുണച്ചും എത്തിയിട്ടുണ്ട്.