കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി തമന്നയെ ചോദ്യം ചെയ്ത് ഇ.ഡി
|ഇ.ഡി അന്വേഷിക്കുന്ന HPZ ടോക്കൺ മൊബൈൽ ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് നടിയെ ചോദ്യം ചെയ്തത്.
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി തമന്ന ഭാട്ടിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇ.ഡി അന്വേഷിക്കുന്ന HPZ ടോക്കൺ മൊബൈൽ ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് നടിയെ ചോദ്യം ചെയ്തത്. ഇതിനായി ഗുവാഹത്തിയിലെ ഇ.ഡി ഓഫീസിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് തമന്ന എത്തിയത്. ചോദ്യം ചെയ്യൽ മണിക്കൂറുകളോളം നീണ്ടു.
ബിറ്റ്‌കോയിന്റെയും ക്രിപ്‌റ്റോ കറൻസിയുടേയും പേരിൽ നിരവധി നിക്ഷേപകർ തട്ടിപ്പിന് ഇരയായി എന്ന പരാതിയിലാണ് അന്വേഷണം. ആപ്പിന്റെ പരിപാടിയിൽ നടി പണം വാങ്ങി പങ്കെടുത്തിരുന്നതായാണ് വിവരം.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം സോണൽ ഓഫീസിൽ നടിയുടെ മൊഴി രേഖപ്പെടുത്തിയതായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറിയിച്ചു. ഓൺലൈൻ ആപ്പായ HPZ ടോക്കൺ ആപ്പിന്റെ അനുബന്ധ ആപ്ലിക്കേഷനായ ഫെയര്‍പ്ലേ ആപ്പ് വഴി ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ പ്രമോഷന്‍ നടത്തിയെന്നാണ് നടി തമന്നയ്ക്കെതിരായ ആരോപണം.
ഫെയര്‍പ്ലേ ബെറ്റിങ് ആപ്പിലൂടെ ഐപിഎല്‍ മത്സരങ്ങള്‍ അനധികൃതമായി തത്സമയം സംപ്രേഷണം ചെയ്തതായി നേരത്തെ പരാതിയുണ്ടായിരുന്നു. ചോദ്യം ചെയ്യാനായി താരത്തിന് നേരത്തെ സമൻസ് അയച്ചിരുന്നെങ്കിലും ജോലി തിരക്കിനെ തുടർന്ന് വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.