സഖ്യത്തിനില്ല, തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് വിജയ് മക്കൾ ഇയക്കം
|മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ മത്സരിപ്പിക്കാനാണ് നീക്കം
തമിഴ്നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് വിജയ്യുടെ ആരാധക കൂട്ടായ്മയായ വിജയ് മക്കൾ ഇയക്കം. മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ മത്സരിപ്പിക്കാനാണ് നീക്കം. വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബസ്സി ആനന്ദാണ് ഇക്കാര്യമറിയിച്ചത്.
രാഷ്ട്രീയ പാർട്ടികളുമായി വിജയ് മക്കള്‍ ഇയക്കം സഖ്യമുണ്ടാക്കില്ല. കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ജില്ലാ സെക്രട്ടറിമാർ വിശദീകരിക്കുമെന്നും ജനറൽ സെക്രട്ടറി അറിയിച്ചു.
തിരിച്ചറിയൽ രേഖ പ്രകാരം ചെന്നൈയിൽ മാത്രം 1.5 ലക്ഷം അംഗങ്ങളാണ് വിജയ് മക്കൾ ഇയക്കത്തിനുള്ളത്. തമിഴ്നാട്ടിൽ ആകെ 15 ലക്ഷം പേരുണ്ട്. കഴിഞ്ഞ വർഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 129 സീറ്റുകളിലെ സ്ഥാനാർഥികളെ വിജയ് മക്കൾ ഇയക്കം പിന്തുണച്ചിരുന്നു.
ഇത്തവണ തൂത്തുക്കുടി ജില്ലയിൽ വിജയ് മക്കൾ ഇയക്കം ഡി.എം.കെ.യ്ക്ക് പിന്തുണ നൽകുമെന്നതരത്തിൽ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി വിജയ്യെ സന്ദർശിച്ചതും രാഷ്ട്രീയ ചര്‍ച്ചകള്‍ വഴിവെച്ചിരുന്നു.