രണ്ട് കോടി അംഗങ്ങളെ പാർട്ടിയിൽ ചേർക്കാൻ നടൻ വിജയ്
|2026ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് തമിഴക വെട്രി കഴകം പ്രവർത്തനം സജീവമാക്കുന്നത്
ചെന്നൈ: രണ്ട് കോടി അംഗങ്ങളെ തന്റെ രാഷ്ട്രീയ പാർട്ടിയിൽ ചേർക്കാൻ തമിഴ് നടൻ വിജയ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം തമിഴക വെട്രി കഴകം ക്യാംപെയിൻ ശക്തമാക്കും. കന്നിവോട്ടർമാരെയും സ്ത്രീകളെയും ലക്ഷ്യമിട്ട് പാർട്ടി ശക്തിപ്പെടുത്താനാണ് വിജയ് നൽകിയ നിർദേശം. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ ഭാരവാഹി യോഗത്തിലാണ് തീരുമാനം. കൂടുതൽ സ്ത്രീകളെ പാർട്ടിയിൽ ചേർക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും. ഇതിന്റെ ചുമതല സ്ത്രീകൾക്ക് തന്നെയായിരിക്കും.
പാർട്ടിയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് മൊബൈൽ ആപ്പ് പുറത്തിറക്കാനും ആലോചനയുണ്ട്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ തമിഴക വെട്രി കഴകത്തിലേക്ക് രണ്ട് കോടി അംഗങ്ങളെ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
അതിനിടെ പാർട്ടിയുടെ ഔദ്യോഗിക പ്രതിജ്ഞയും കഴിഞ്ഞ ദിവസവം പ്രഖ്യാപിച്ചു. ഇന്ത്യൻ ഭരണഘടനയ്ക്കും തമിഴ് ഭാഷയ്ക്കും പ്രാധാന്യം നൽകുന്നതാണ് പ്രതിജ്ഞ. 2026ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് തമിഴക വെട്രി കഴകം പ്രവർത്തനം സജീവമാക്കുന്നത്.
ഫെബ്രുവരി ആദ്യവാരമാണ് വിജയ് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. തൻ്റെ ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് താരം പ്രഖ്യാപനം നടത്തിയത്.രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്. വിജയ് തന്നെയാണ് പാര്‍ട്ടിയുടെ അധ്യക്ഷന്‍.
അതേസമയം, തന്റെ പാർട്ടിയുടെ പേര് മാറ്റാൻ വിജയ് നീക്കം നടത്തുന്നതായി വാർത്തയുണ്ടായിരുന്നു. തമിഴക വെട്രി കഴകം എന്ന പേരിനു പകരം തമിഴക വെട്രിക്ക് കഴകം എന്നാക്കി മാറ്റാനാണു തീരുമാനം. പേരിൽ മാറ്റം വരുത്തുന്നതിനായി ജനറൽ സെക്രട്ടറി ബുസി ആനന്ദ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചതായാണ് വിവരം. കമ്മീഷന്റെ അംഗീകാരം ലഭിച്ചതിനു ശേഷം തീരുമാനം വിജയ് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. തമിഴ്‌നാടിന്റെ വിജയത്തിനായി പാർട്ടി എന്നതാണു തമിഴക വെട്രിക്ക് കഴകം എന്നതുകൊണ്ട് അർഥമാക്കുന്നത്.