പൊലീസ് കസ്റ്റഡിയിൽ മേക്കപ്പിട്ട് രേണുകാസ്വാമി വധക്കേസ് പ്രതി നടി പവിത്ര ഗൗഡ; വനിതാ എസ്ഐയ്ക്ക് നോട്ടീസ്
|പവിത്രയ്ക്ക് മേക്കപ്പിടാൻ എസ്ഐ സൗകര്യം ചെയ്തുകൊടുത്തു എന്നാണ് കണ്ടെത്തൽ.
ബെംഗളൂരു: രേണുകാസ്വാമി വധക്കേസിൽ കന്നഡ സൂപ്പർ സ്റ്റാർ ദർശൻ തൂഗുദീപയ്ക്കൊപ്പം അറസ്റ്റിലായ നടിയും സുഹൃത്തുമായ പവിത്ര ഗൗഡ കസ്റ്റഡിയിൽ മേക്കപ്പിട്ട് നടന്നതിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നോട്ടീസ്. ചുമതലയിലുണ്ടായിരുന്ന വനിതാ സബ് ഇൻസ്പെക്ടർക്കാണ് ബെംഗളൂരു വെസ്റ്റ് ഡിസിപി നോട്ടീസ് അയച്ചത്.
പവിത്രയെ ബെംഗളൂരുവിലെ വസതിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം വീട്ടിൽ നിന്ന് മടങ്ങുമ്പോൾ പവിത്ര ലിപ്സ്റ്റിക്കും മേക്കപ്പും ഉപയോഗിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും വ്യാപകമായി പ്രചരിക്കുകയും പൊലീസിനെതിരെ വിമർശനം ഉയരുകയും ചെയ്തു.
ദർശൻ്റെ ആരാധകനായ രേണുകസ്വാമിയുടെ കൊലപാതകത്തിൽ യാതൊരു കൂസലുമില്ലാതെയുള്ള പവിത്ര ഗൗഡയുടെ പെരുമാറ്റവും കസ്റ്റഡിയിലെ മേക്കപ്പും ചർച്ചയായതോടെ, അനാസ്ഥ ചൂണ്ടിക്കാട്ടി ഡിസിപി ഓഫീസിൽ നിന്ന് എസ്ഐക്ക് നോട്ടീസ് നൽകുകയും വിശദീകരണം തേടുകയുമായിരുന്നു. പവിത്രയ്ക്ക് മേക്കപ്പിടാൻ എസ്ഐ സൗകര്യം ചെയ്തുകൊടുത്തു എന്നാണ് കണ്ടെത്തൽ.
'പവിത്ര എല്ലാ ദിവസവും രാത്രി അവരുടെ വീട്ടിൽ തങ്ങാറുണ്ടായിരുന്നു. അവിടെ മേക്കപ്പ് ബാഗുമുണ്ടാവും. വനിതാ എസ്ഐ എല്ലാ ദിവസവും രാവിലെ അവിടെ പോയി പവിത്രയെ കൂട്ടി എ.പി നഗർ പൊലീസ് സ്റ്റേഷനിൽ എത്തിക്കുമായിരുന്നു. പവിത്രയെ എസ്ഐ നിരീക്ഷിക്കുകയോ മേക്കപ്പ് ഇടുന്നതിൽ നിന്ന് തടയുകയോ ചെയ്തില്ല. വീഴ്ചയുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാനാവശ്യപ്പെട്ട് എസ്ഐയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്'- ഡിസിപി ഗിരീഷ് പറഞ്ഞു.
രേണുകാസ്വാമി കൊലക്കേസിൽ ഒന്നാം പ്രതിയാണ് പ്രീത ഗൗഡ. കൊലപാതകത്തിന് ദർശനെ നിർബന്ധിച്ചത് പവിത്രയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മറ്റു പ്രതികൾക്കൊപ്പം ചേർന്ന് കൊലപാതകം നടത്തിയ നടൻ ദർശൻ തൂഗുദീപ രണ്ടാം പ്രതിയാണ്. രേണുകാസ്വാമിയെ പ്രതികൾ മർദനത്തിനിരയാക്കുമ്പോൾ പവിത്രയും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പവിത്രയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അശ്ലീല പരാമർശങ്ങൾ പോസ്റ്റ് ചെയ്തതാണ് രേണുകാസ്വാമിയെ കൊലപ്പെടുത്താൻ ദർശനെയും നടിയെയും പ്രേരിപ്പിച്ചത്. സമൂഹമാധ്യമങ്ങളിൽ യുവാവ് പോസ്റ്റ് ചെയ്ത പരാമർശങ്ങൾ പവിത്ര ദർശനെ കാണിക്കുകയും യുവാവിനെ വകവരുത്താൻ ഇയാളെ നിർബന്ധിക്കുകയുമായിരുന്നു. ദര്‍ശനും പവിത്രയുമടക്കം 17 പേരാണ് കൊലയിൽ പങ്കാളികളായത്.
തുടർന്ന് ജൂൺ എട്ടിന് ദർശനേർപ്പെടുത്തിയ സംഘം രേണുകാസ്വാമിയെ ചിത്രദുർഗ എന്ന സ്ഥലത്ത് നിന്ന് നടനെ പരിചയപ്പെടുത്താമെന്ന് തെറ്റിദ്ധരിപ്പിച്ച് വണ്ടിയിൽ കയറ്റി. ബെംഗളൂരുവിൽ ആർആർ നഗറിലെ ഒരു ഷെഡ്ഡിലെത്തിച്ച യുവാവിനെ കാണാൻ പിന്നീട് ദർശനും പവിത്രയുമെത്തി. തുടർന്നായിരുന്നു മർദനപരമ്പര. രേണുകാസ്വാമിയെ തല്ലിച്ചതയ്ക്കുന്നതിനും ഇലക്ട്രിക് ഷോക്കുകൾ നൽകുന്നതിനുമെല്ലാം ദർശനും പവിത്രയും നേതൃത്വം നൽകിയെന്ന് പൊലീസ് പറയുന്നു.
ശരീരത്തിലേറ്റ മുറിവുകളിൽ നിന്ന് രക്തം വാർന്നതാണ് രേണുകാസ്വാമിയുടെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. യുവാവിന്റെ ജനനേന്ദ്രിയം തകർന്ന നിലയിലായിരുന്നുവെന്നും ഒരു ചെവി നഷ്ടപ്പെട്ടിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
കൊലയ്ക്കായി 50 ലക്ഷം രൂപയാണ് പല ആളുകൾക്കായി ദർശൻ നൽകിയത്. തട്ടിക്കൊണ്ടുപോവലിനും കൊലപാതകത്തിനും മൃതദേഹം അഴുക്കുചാലിൽ തള്ളുന്നതിനുമൊക്കെ നേതൃത്വം നൽകിയ പ്രദോഷ് എന്ന പവൻ ആണ് ഇവരിലൊരാൾ. ഇയാൾക്ക് 30 ലക്ഷം രൂപയാണ് ദർശൻ നൽകിയത്. കുറ്റമേൽക്കാൻ അഞ്ചു ലക്ഷം വീതം രാഘവേന്ദ്ര, കാർത്തിക്ക് എന്നിവർക്കും നൽകി.
ദർശനും പവിത്രയ്ക്കും പകരം ജയിലിൽ പോവണമെന്നായിരുന്നു കരാർ. കൊലപാതകത്തിൽ പിന്നീട് ഇരുവരും പൊലീസിൽ കീഴടങ്ങി. എന്നാൽ ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ദർശന്റെയും പവിത്രയുടെയും പേര് വെളിപ്പെടുകയായിരുന്നു. തുടർന്നായിരുന്നു ഇരുവരുടെയും അറസ്റ്റ്. ദർശനും പവിത്രയുമുൾപ്പടെ 17 പേരെയാണ് രേണുകാസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
Read Alsoരേണുകസ്വാമി വധക്കേസ്; ഗൂഢാലോചനയില്‍ പങ്കെടുത്തത് ദര്‍ശനും പവിത്രയുമടക്കം 17 പേര്,പ്രതികള്‍ക്ക് ദര്ശന് 50 ലക്ഷം നല്കി
Read Alsoകൊല്ലുന്നതിനു മുന്‍പ് രേണുകസ്വാമിയെ ഷോക്കടിപ്പിച്ചതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
Read Alsoകൊല്ലാന്‍ പറഞ്ഞത് പവിത്ര, രേണുകസ്വാമി ബോധം കെടുന്നതുവരെ ദര്ശന് ബെല്‍റ്റ് കൊണ്ടടിച്ചു; കൊലക്കേസിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്