സാമ്പത്തിക തട്ടിപ്പു കേസില്‍ ബോളിവുഡ് നടിയെ ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ്
|കേസില്‍ അഞ്ചു മണിക്കൂറോളം നടിയെ ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്.
സാമ്പത്തിക തട്ടിപ്പു കേസില്‍ ബോളിവുഡ് താരം ജാക്വലിന് ഫെര്‍ണാണ്ടസിനെ ഇ.ഡി ചോദ്യം ചെയ്തു. കുപ്രസിദ്ധ സാമ്പത്തിക തട്ടിപ്പുവീരന് സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട കേസില്‍ സാക്ഷിയായാണ് നടിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്.
ശതകോടി രൂപയുടെ തട്ടിപ്പു കേസാണ് സുകേഷ് ചന്ദ്രശേഖറിനെതിരെയുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട കൈകൂലി കേസിലും പ്രതിയാണ് സുകേഷ് ചന്ദ്രശേഖര്‍. കേസുമായി ബന്ധപ്പെട്ട് ജാക്വലിന് ഫെര്‍ണാണ്ടസിനെ വിളിപ്പിച്ച ഇ.ഡി, അഞ്ചു മണിക്കൂറോളം നടിയെ ചോദ്യം ചെയ്തതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് സുകേഷ് ചന്ദ്രശേഖറിന്റെ ചെന്നൈ കടല്തീരത്തുള്ള ആഢംബര ബംഗ്ലാവും, 82.5 ലക്ഷം രൂപ പണവും, ഒരു ഡസനിലേറെ ആഢംബര കാറുകളും നേരത്തെ അന്വേഷണ ഏജന്‍സി പിടിച്ചെടുത്തിരുന്നു. ഇരുന്നൂറു കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്, തട്ടികൊണ്ടുപോകല്‍, ക്രമിനില്‍ ഗൂഡാലോചന എന്നിവയാണ് ഇയാള്‍ക്കെതിരെയുള്ള കേസുകള്‍. നിലവില്‍ ഡല്‍ഹി രോഹിണി ജയിലിലാണ് ചന്ദ്രശേഖരനുള്ളത്.
പതിനേഴാം വയസു മുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ചരിത്രമാണ് സുകേഷ് ചന്ദ്രശേഖറിനുള്ളതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ക്കെതിരെ ഒന്നിലേറെ എഫ്.ഐ.ആറുകളാണുള്ളത്.
തമിഴ്നാട്ടില്‍ എ.ഐ.ഡി.എം.കെയിലെ ആഭ്യന്തര തര്‍ക്കത്തിനിടെ, പാര്‍ട്ടി ചിഹ്നമായ രണ്ടില ലഭിക്കാന്‍ ടി.ടി.വി ദിനകരന് പക്ഷവുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പോളിംഗ് പാനല്‍ ഉദ്യോഗസ്ഥര്‍ക്ക് കൈകൂലി നല്കിയ കേസും ഇയാള്‍ക്കെതിരെ ഉണ്ട്. രണ്ടില ചിഹ്നം നിലനില്‍ത്താന്‍ എ.ഐ.ഡി.എം.കെ (അമ്മ) വിഭാഗവുമായി ചന്ദ്രശേഖര്‍ 50 കോടി രൂപയുടെ കരാറിലേര്‍പ്പെട്ടെന്നാണ് ആരോപണമുള്ളത്.